കൊച്ചി: ആഗോള മേഖലയിൽ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതോടെ ഇന്ത്യൻ രൂപയ്ക്ക് പിന്തുണയായി റിസർവ് ബാങ്ക് വിപണി ഇടപെടൽ സജീവമാക്കിയതോടെ നവംബർ ആദ്യവാരം അവസാനിച്ച ആഴ്ചയിൽ രാജ്യത്തെ വിദേശ നാണ്യ ശേഖരത്തിൽ മികച്ച വർദ്ധന ദൃശ്യമായി.
റിസർവ് ബാങ്കിന്റെ കണക്കുകളനുസരിച്ച് കഴിഞ്ഞ വാരം വിദേശ നാണ്യ ശേഖരം 475 കോടി ഡോളർ വർദ്ധിച്ച് 59,078 കോടി ഡോളറായി. റിസർവ് ബാങ്കിന്റെ സ്വർണ ശേഖരത്തിന്റെ മൂല്യം ഈ കാലയളവിൽ 54.4 കോടി ഡോളർ ഉയർന്ന് 4494 കോടി ഡോളറിലെത്തി.
സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സിന്റെ (എസ്.ഡി. ആർ) മൂല്യത്തിലും പത്ത് ലക്ഷം ഡോളറിന്റെ വർദ്ധനയുണ്ട്. 2021 ഒക്ടോബറിൽ രാജ്യത്തെ വിദേശ നാണയ ശേഖരം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 64500 കോടി ഡോളർ വരെയെത്തിയതിനു ശേഷമാണ് കുത്തനെ കുറഞ്ഞത്.
രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഡോളറിന്റെ മൂല്യം അസാധാരണമായി ഉയർന്നതോടെ രൂപ്യ്ക്ക് പിന്തുണ നൽകാൻ റിസർവ് ബാങ്ക് ഡോളർ വിറ്റഴിക്കുകയായിരുന്നു.
ഓഹരി വിപണിയിൽ നിന്നും വിദേശ നിക്ഷേപകർ വലിയ തോതിൽ പണം പിൻവലിക്കുന്നുണ്ടെങ്കിലും രൂപയുടെ സ്ഥിരത ഉറപ്പുവരുത്താൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടതാണ് ഡോളറിന്റെ അളവ് കൂടാൻ സഹായിച്ചത്.
ഇന്ത്യൻ സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നതും വ്യാവസായിക രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും വിദേശ നാണ്യ ശേഖരം ഇനിയും കൂടാൻ സഹായിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം നാണയപ്പെരുപ്പ ഭീഷണി പൂർണമായും ഒഴിവാകാത്തതിനാൽ അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വീണ്ടും പലിശ വർദ്ധിപ്പിക്കാനിടയുള്ളതിനാൽ വരും ദിവസങ്ങളിൽ വിദേശ നിക്ഷേപകരുടെ പിൻമാറ്റം ശക്തമാകുമെന്നാണ് വിലയിരുത്തുന്നത്.
ഇതോടൊപ്പം അമേരിക്കൻ ഡോളറിന്റെ സ്ഥിരത സംബന്ധിച്ച ആശങ്കകൾ മൂലം വിദേശ നാണയ ശേഖരത്തിൽ സ്വർണം ഉൾപ്പെടെയുള്ള ബദൽ നിക്ഷേപങ്ങൾ വർധിപ്പിക്കാനും റിസർവ് ബാങ്ക് ശ്രദ്ധ പതിപ്പിക്കുന്നു.
രാജ്യത്തെ കയറ്റുമതി മേഖലയുടെ മത്സരക്ഷമതയെ ബാധിക്കാത്ത വിധം രൂപയുടെ മൂല്യം സ്ഥിരതയിൽ നിലനിറുത്താനാണ് റിസർവ് ബാങ്ക് കൂടുതൽ ഊന്നൽ നൽകുന്നത്.