
ന്യൂഡല്‍ഹി: ഇന്ത്യയുടെ അര്‍ദ്ധചാലക നിര്‍മ്മാണ ആനുകൂല്യങ്ങള്‍ക്കായി തായ്വാനിലെ ഫോക്‌സ്‌കോണ്‍ അപേക്ഷ സമര്‍പ്പിക്കും. വേദാന്തയുമായി ചേര്‍ന്നുള്ള 19.5 ബില്യണ്‍ ഡോളര്‍ ചിപ്പ് നിര്‍മ്മാണ സംയുക്ത സംരംഭത്തില്‍ നിന്നും പിന്മാറിയ ശേഷം ഫോക്‌സ്‌കോണ്‍ അറിയിച്ചതാണിത്. വേദാന്തയുമായി വേര്‍പിരിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രഖ്യാപനം.
ഇന്ത്യയോട് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞ കമ്പനി, അര്‍ദ്ധ ചാലക നിര്‍മ്മാണ ആവാസവ്യവസ്ഥ സ്ഥാപിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രയത്‌നം പ്രശംസയര്‍ഹിക്കുന്നുവെന്നും പറഞ്ഞു. ഈ ഉദ്യത്തിന്റെ ഭാഗമാകാന്‍ കമ്പനി ആഗ്രഹിക്കുന്നു. അതിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങള്‍, ഫോക്‌സ്‌കോണ്‍ അറിയിച്ചു.
വേദാന്തയുമായുള്ള അര്‍ദ്ദചാലക സംയുക്ത സംരഭത്തില്‍ നിന്നും പിന്മാറാന്‍ ഫോക്‌സ്‌കോണ്‍ തിങ്കളാഴ്ച തീരുമാനിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ചിപ്പ് നിര്‍മ്മാണ പദ്ധതികള്‍ക്ക് തിരിച്ചടിയായി തീരുമാനം വ്യാഖ്യാനിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് കമ്പനി പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.