
മുംബൈ: വിദേശ പോര്ട്ട്‌ഫോളിയോ നിക്ഷേപകര് (എഫ്പിഐ) ജൂലൈയില് 466.18 ബില്യണ് രൂപ (5.63 ബില്യണ് ഡോളര്) വിലമതിക്കുന്ന ഇന്ത്യന് ഓഹരികള് വാങ്ങി.നാഷണല് സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ (എന്എസ്ഡിഎല്) കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 2022 ന് ശേഷമുള്ള വലിയ എഫ്പിഐ അറ്റ വാങ്ങലാണിത്.
തുടര്‍ച്ചയായ എഫ്പിഐ ഒഴുക്ക് ബ്ലൂ-ചിപ്പ് നിഫ്റ്റി 50, എസ് ആന്‍ഡ് പി ബിഎസ്ഇ സെന്‍സെക്‌സ് എന്നിവയെ ഉയര്‍ത്തി. ഇതോടെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തുകയും ചെയ്തു. നിഫ്റ്റി 50 ജൂലൈയില്‍ 2.94 ശതമാനമാണ് ഉയര്‍ന്നത്.
മാര്‍ച്ച് മുതല്‍ ജൂലൈവരെയുള്ള മാസങ്ങളില്‍ എഫ്പിഐ അറ്റ വാങ്ങല്‍ നടത്തിയിട്ടുണ്ട്. ഈ കാലയവളവില്‍ 1553.08 കോടി രൂപയുടെ അറ്റ നിക്ഷേപം ഒഴുക്കി. ഇതോടെ നിഫ്റ്റി50 14.15 ശതമാനം ഉയര്‍ന്നു.
115.14 ബില്യണ്‍ രൂപയുടെ നിക്ഷേപം ആകര്‍ഷിച്ച ധനകാര്യമേഖലയാണ് ജൂലൈയില്‍ എഫ്പിഐകളുടെ ഇഷ്ട സങ്കേതമായത്. ജൂണില്‍ 192.29 ബില്യണ്‍ രൂപയുടെ നിക്ഷേപം എഫ്പിഐകള്‍ ധനകാര്യമേഖല ഓഹരികളില്‍ നടത്തിയിരുന്നു. ഏപ്രില്‍,മെയ് മാസങ്ങളിലും അവര്‍ ധനകാര്യ ഓഹരികളുടെ അറ്റ വാങ്ങല്‍കാരാണ്.