മുംബൈ: ഒക്‌ടോബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 20,356 കോടി രൂപയുടെ അറ്റവില്‍പ്പനയാണ് നടത്തിയത്. 2023ല്‍ ഇതുവരെ നടന്ന ഏറ്റവും വലിയ പ്രതിമാസ വില്‍പ്പനയാണ് ഇത്.
തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെ കരടികളായി തുടരുന്നത്. സെപ്‌റ്റംബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വപണിയില്‍ 14,768 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയിരുന്നു.
ഈ വര്‍ഷം ജനുവരിയിലാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏറ്റവും വലിയ വില്‍പ്പന നടത്തിയത്. ആ മാസം 28,852 കോടി രൂപയുടെ അറ്റവില്‍പ്പനയാണ് നടത്തിയത്.
ഒക്‌ടോബര്‍ 27 വരെയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 20,356 കോടി രൂപയുടെ വില്‍പ്പന നടത്തിയത്. ഫിനാന്‍ഷ്യല്‍സ്, പവര്‍, എഫ്‌എംസിജി, ഐടി എന്നീ മേഖലകളിലാണ് പ്രധാനമായും വില്‍പ്പന നടത്തിയത്.
10 വര്‍ഷത്തെ യുഎസ് ബോണ്ടില്‍ നിന്നുള്ള വരുമാനം 17 വര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ അഞ്ച് ശതമാനത്തിലെത്തിയതും ഇസ്രയേല്‍-ഹമാസ് യുദ്ധം ശക്തമായതും വില്‍പ്പനക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളായി.
അതേ സമയം കടപ്പത്ര വിപണിയിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ നിക്ഷേപത്തില്‍ വര്‍ധനയുണ്ടായി. ഒക്‌ടോബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ കടപ്പത്ര വിപണിയില്‍ 6080 കോടി രൂപയാണ് നിക്ഷേപിച്ചത്. സെപ്‌റ്റംബറില്‍ ഇത് 938 കോടി രൂപയായിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി സൂചികയായ നിഫ്‌റ്റി 3.37 ശതമാനം ഇടിവ് നേരിടുകയാണ് ചെയ്‌തത്.