മുംബൈ: ശക്തമായ വായ്പാ വളര്‍ച്ചയും നിഷ്‌ക്രിയ വായ്പാ പോര്‍ട്ട്ഫോളിയോയുടെ കുറവും ഇന്ത്യന്‍ ധനകാര്യമേഖലയെ വിദേശ നിക്ഷേപകരുടെ ലക്ഷ്യകേന്ദ്രമാക്കി. നവംബറില്‍ 14,205 കോടി രൂപയുടെ (2.1 ബില്യണ്‍ യുഎസ് ഡോളര്‍) അറ്റ വിദേശ നിക്ഷേപമാണ് മേഖല ആകര്‍ഷിച്ചത്.ഒക്ടോബറില്‍ 4686 കോടി രൂപ പിന്‍വലിക്കപ്പെട്ട സ്ഥാനത്താണിത്.
മൊത്തത്തില്‍, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) നവംബറില്‍ രാജ്യത്തെ ഇക്വിറ്റി വിപണികളില്‍ 36,238 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി. ഇതില്‍ 14,205 കോടി രൂപ ആകര്‍ഷിച്ചത് ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയാണ്. മൊത്തം നിക്ഷേപത്തിന്റെ 39 ശതമാനം.
നവംബര്‍ മാസത്തിന്റെ ആദ്യ പകുതിയിലാണ് മിക്ക വാങ്ങലുകളും നടന്നത്. 3,956 കോടി രൂപയുടെ അറ്റ നിക്ഷേപവുമായി കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്എംസിജി) ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ മേഖലയായപ്പോള്‍ ഐടി, വാഹനം, ഓയില്‍ ആന്റ് ഗ്യാസ് എന്നി തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എത്തി. യഥാക്രമം 3956 കോടി രൂപ,3859 കോടി രൂപ, 3051 കോടി രൂപ, 2774 കോടി രൂപ എന്നിങ്ങനെയാണ് ഈ മേഖലകള്‍ ആകര്‍ഷിച്ചത്.
അതേസമയം ഉപഭോഗ ഉപകരണ മേഖല അറ്റ വില്‍പന നേരിട്ടു. 1275 കോടി രൂപയാണ് മേഖലയില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്. ഊര്‍ജ്ജം, ടെലകമ്യൂണിക്കേഷന്‍സ് എന്നിവയില്‍ നിന്നും യഥാക്രമം 1100 കോടി രൂപ, 1084 രൂപ എന്നിങ്ങനെ വില്‍പന സമ്മര്‍ദ്ദം നേരിട്ടു.