വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ സെപ്‌റ്റംബറില്‍ 9000 കോടി രൂപ മൂല്യം വരുന്ന ഐടി ഓഹരികളാണ് വിറ്റഴിച്ചത്. മാസങ്ങളായി ഐടി ഓഹരികള്‍ നേരിടുന്ന വില്‍പ്പന സമ്മര്‍ദം സെപ്‌റ്റംബറില്‍ കൂടുതല്‍ ശക്തമായി.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് 30 ശതമാനം ഓഹരി പങ്കാളിത്തമുള്ള ടെക് മഹീന്ദ്രയാണ് മാര്‍ച്ചില്‍ ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത്. 9 ശതമാനമാണ് ഈ ഓഹരി കഴിഞ്ഞ മാസം നേരിട്ടി ഇടിവ്. 2022ല്‍ ടെക് മഹീന്ദ്ര 43 ശതമാനം തിരുത്തലാണ് നേരിട്ടത്. വിപ്രോയും ഈ വര്‍ഷം 43 ശതമാനം തിരുത്തലിന് വിധേയമായി.
ഇടിവ് നേരിട്ട മറ്റ് പ്രധാന ഐടി ഓഹരികള്‍ കോഫോര്‍ജ്, എംഫാസിസ്, എല്‍&ടി ഇന്‍ഫോടെക്, മൈന്റ് ട്രീ എന്നിവയാണ്. ഏറ്റവും കുറഞ്ഞ തിരുത്തല്‍ നേരിട്ടത് ടിസിഎസാണ്. 18 ശതമാനമാണ് ഈ ഓഹരി നേരിട്ട ഇടിവ്.
പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത ത്രൈമാസ പ്രവര്‍ത്തന ഫലങ്ങള്‍ക്കു പുറമെ യുഎസില്‍ പലിശ നിരക്ക് ഉയരുന്ന സാഹചര്യവും ഐടി ഓഹരികള്‍ക്ക് ദോഷകരമായി. യുഎസിലെ ഐടി കമ്പനികളുടെ ഓഹരികളിലുണ്ടായ ഇടിവും ഇന്ത്യന്‍ ഐടി മേഖലയെ പ്രതികൂലമായി ബാധിച്ചു.
ഐടി കമ്പനികളുടെ സമീപകാല ബിസിനസിനെ സംബന്ധിച്ച ചിത്രം ഇപ്പോഴും മികച്ചതല്ല. യുഎസ് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെങ്കില്‍ അവിടുത്തെ കമ്പനികള്‍ ഐടി ചെലവുകള്‍ വെട്ടിക്കുറയ്‌ക്കുകയും അത് ഇന്ത്യയിലെ ഐടി മേഖലയുടെ ബിസിനസിനെ ബാധിക്കുകയും ചെയ്യും.
അതേ സമയം ഈ ഓഹരികള്‍ ഇപ്പോള്‍ ന്യായമായ മൂല്യത്തിലാണ് വ്യാപാരം ചെയ്യുന്നത്. രൂപയുടെ ശക്തമായ മൂല്യശോഷണം കയറ്റുമതിയെ പ്രധാനമായും ആശ്രയിച്ചിരിക്കുന്ന ഐടി കമ്പനികള്‍ക്ക് ഗുണകരമാണ്.