Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

മാര്‍ച്ചില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ ഇന്ത്യയിലേക്ക് ഒഴുക്കിയത് 6139 കോടി രൂപ

മുംബൈ: മാര്‍ച്ചില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 6139 കോടി രൂപയുടെ അറ്റനിക്ഷേപം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തി.

ഫെബ്രുവരിയില്‍ 1539 കോടി രൂപയുടെ അറ്റനിക്ഷേപവും ജനുവരിയില്‍ 25743.55 കോടി രൂപയുടെ അറ്റവില്‍പ്പനയുമായിരുന്നു അവ നടത്തിയിരുന്നത്‌.

മൂന്നാം ത്രൈമാസത്തില്‍ ഇന്ത്യ 8.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചത്‌ വിദേശ നിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക്‌ തിരികെ വരുന്നതിന്‌ സഹായകമായി. ഇന്ത്യന്‍ വിപണി നടത്തുന്ന ശക്തമായ മുന്നേറ്റം വിദേശ നിക്ഷേപകരെ വില്‍പ്പനയില്‍ നിന്ന്‌ പിന്തിരിപ്പിക്കുകയും ചെയ്‌തു.

ജൂണ്‍ മാസത്തോടെ പലിശനിരക്ക്‌ കുറയ്‌ക്കുമെന്ന യുഎസ്‌ ഫെഡ്‌ നല്‍കുന്ന സൂചനയും ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളെ പ്രേരിപ്പിച്ചു. 10 വര്‍ഷത്തെ യുഎസ്‌ ബോണ്ട്‌ യീല്‍ഡ്‌ 4.3 ശതമാനത്തില്‍ നിന്നാണ്‌ 4.08 ശതമാനമായി കുറഞ്ഞത്‌.

മാര്‍ച്ചില്‍ ഇതുവരെ സെന്‍സെക്‌സും നിഫ്‌റ്റിയും രണ്ട്‌ ശതമാനം വീതം ഉയരുകയാണ്‌ ചെയ്‌തത്‌. ശക്തമായ ചാഞ്ചാട്ടമാണ്‌ ഫെബ്രുവരിയില്‍ വിപണി നേരിട്ടതെങ്കില്‍ മാര്‍ച്ചില്‍ വിപണി പുതിയ ഉയരങ്ങളിലേക്ക്‌ നീങ്ങുകയാണ്‌ ചെയ്‌തത്‌.

കടപ്പത്ര വിപണിയില്‍ വിദേശ നിക്ഷപേക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി തുടരുകയാണ്‌. 1024.59 കോടി രൂപയാണ്‌ മാര്‍ച്ചില്‍ ഇതുവരെ നിക്ഷേപിച്ചിരുന്നത്‌. ഫെബ്രുവരിയില്‍ അവ ഇന്ത്യന്‍ കടപ്പത്ര വിപണിയില്‍ 22419.41 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ നടത്തിയത്‌.

ജനുവരിയില്‍ 19836.56 കോടി രൂപയുടെ നിക്ഷേപവും നടത്തിയിരുന്നു. ജെപി മോര്‍ഗന്‍ എമര്‍ജിംഗ്‌ മാര്‍ക്കറ്റ്‌ ഡെറ്റ്‌ ഇന്‍ഡക്‌സില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താനുള്ള നീക്കം ആണ്‌ കടപ്പത്ര വിപണി ആകര്‍ഷകമായതിന്‌ കാരണം.

2024 ജൂണിലാണ്‌ ജെപി മോര്‍ഗന്‍ എമര്‍ജിംഗ്‌ മാര്‍ക്കറ്റ്‌ ഡെറ്റ്‌ ഇന്‍ഡക്‌സില്‍ ഇന്ത്യ സ്ഥാനം പിടിക്കുന്നത്‌. ഇതോടെ ഇന്ത്യയിലെ സര്‍ക്കാര്‍ ബോണ്ടുകള്‍ ജെപി മോര്‍ഗന്റെ ഗവര്‍മെന്റ്‌ ബോണ്ട്‌ ഇന്‍ഡക്‌സ്‌-എമര്‍ജിംഗ്‌ മാര്‍ക്കറ്റ്‌സ്‌ എന്ന സൂചികയില്‍ ഉള്‍പ്പെടുത്തും.

23 ഇന്ത്യന്‍ ഗവര്‍മെന്റ്‌ ബോണ്ടുകള്‍ക്ക്‌ സൂചികയില്‍ ഇടം പിടിക്കുന്നതിന്‌ യോഗ്യതയുണ്ടെന്നാണ്‌ ജെപി മോര്‍ഗന്‍ വ്യക്തമാക്കിയിരിക്കുന്നത്‌. ഈ ബോണ്ടുകളുടെ മൂല്യം 3300 കോടി ഡോളറാണ്‌.

X
Top