
മുംബൈ: ഒക്‌ടോബറിലെ കനത്ത വില്‍പ്പനക്കു ശേഷവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെ കരടികളായി തുടരുന്നു. നവംബറില്‍ ഇതുവരെ 5800 കോടി രൂപയുടെ അറ്റവില്‍പ്പനയാണ് അവ ഇന്ത്യന്‍ വിപണിയില്‍ നടത്തിയത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഒക്‌ടോബറില്‍ 24,548 കോടി രൂപയുടെയും സെപ്‌റ്റംബറില്‍ 14,767 കോടി രൂപയുടെയും അറ്റവില്‍പ്പന നടത്തിയിരുന്നു. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ തുടര്‍ച്ചയായി ഇന്ത്യന്‍ വിപണിയില്‍ അറ്റനിക്ഷേപം നടത്തിയതിനു ശേഷമാണ് സെപ്‌റ്റംബര്‍ മുതല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പനയിലേക്ക് തിരിഞ്ഞത്. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ 1.74 ലക്ഷം കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയിരുന്നു.
ഈ വര്‍ഷം ജനുവരിയിലാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏറ്റവും വലിയ വില്‍പ്പന നടത്തിയത്. ആ മാസം 28,852 കോടി രൂപയുടെ അറ്റവില്‍പ്പനയാണ് നടത്തിയത്. അതിനു ശേഷമുള്ള ഏറ്റവും കനത്ത വില്‍പ്പന ഒക്‌ടോബറില്‍ നടന്നു.
പലിശനിരക്ക് വര്‍ധന തുടരേണ്ടി വരുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്‌താവന ഓഹരി വിപണിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകമായി നിലനില്‍ക്കെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഉടന്‍ കാളകളായി മാറുമെന്ന് പ്രതീക്ഷിക്കാനാകില്ല.
10 വര്‍ഷത്തെ യുഎസ് ബോണ്ടില്‍ നിന്നുള്ള വരുമാനം 17 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതും ഇസ്രയേല്‍-ഹമാസ് യുദ്ധം ശക്തമായതും വില്‍പ്പനക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളായി തുടരുന്നു.
കടപ്പത്ര വിപണിയിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ നിക്ഷേപത്തില്‍ വര്‍ധനയുണ്ടായി. ഒക്‌ടോബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ കടപ്പത്ര വിപണിയില്‍ 6080 കോടി രൂപയാണ് നിക്ഷേപിച്ചത്. സെപ്‌റ്റംബറില്‍ ഇത് 938 കോടി രൂപയായിരുന്നു.