കൊച്ചി: താൻ നിർമിച്ച റോക്കട്രി സിനിമയുടെ വിജയം നിർമാതാവ് വർഗീസ് മൂലൻ ആഘോഷിക്കുന്നത് നിർധനരായ 60 കുട്ടികളുടെ സൗജന്യ ശസ്ത്രക്രിയ നടത്തിക്കൊണ്ടാണ്. വർഗീസ് മൂലൻ ഫൗണ്ടേഷനും, ആസ്റ്റർ ഹോസ്പിറ്റൽസുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചി ആസ്റ്റർ മെഡ്സിറ്റി, കോഴിക്കോട് ആസ്റ്റർ മിംസ് എന്നിവിടങ്ങളിലായാണ് 18 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് ചികിത്സ ലഭ്യമാവുക.
വർഗീസ് മൂലൻ ഫൗണ്ടേഷൻ ഹൃദയസ്പർശം പദ്ധതിയുടെ ഭാഗമായി 3 ഘട്ടങ്ങളിലായി 201 കുട്ടികളുടെ ശസ്ത്രക്രിയ ഇതിനകം നിർവഹിച്ചിട്ടുണ്ട്.
പദ്ധതിയുടെ നാലാം ഘട്ടത്തിന് തുടക്കം കുറിച്ചുള്ള മെഡിക്കൽ ക്യാംപ് ഒക്ടോബർ 30 ഞായറാഴ്ച അങ്കമാലിയിൽ നടക്കും. റോക്കട്രിക്ക് നിമിത്തമായ മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഉദ്ഘാടനം ചെയ്യും.
ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളണ്ടിയേഴ്സിൻ്റെ പിന്തുണയോടെ കേരളത്തിൽ ഉടനീളം മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കും.
പദ്ധതി വിശദാംശങ്ങൾ പങ്കുവയ്ക്കാൻ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വർഗീസ് മുലൻ ഫൗണ്ടേഷൻ ചെയർമാൻ ഡോ. വർഗീസ് മൂലൻ, ഡയറക്ടർ വിജയ് മൂലൻ, ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ആൻഡ് ഒമാൻ ക്ലസ്റ്റർ റീജനൽ ഡയറക്ടർ ഫർഹാൻ യാസിൻ തുടങ്ങിയവർ പങ്കെടുത്തു.