അഹ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ എനർജി പ്ലാൻ്റിലേക്ക് ഫ്രഞ്ച് പെട്രോളിയം കമ്പനിയായ ടോറ്റൽ എനർജീസ് നിക്ഷേപം നടത്തുന്നു. 444 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ഫ്രഞ്ച് കമ്പനി നടത്തുക.
ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി അദാനി ഗ്രീൻ എനർജിയും (AGEL) ടോറ്റൽ എനർജീസും കൈകോർക്കും.
രണ്ട് കമ്പനികളും തുല്യ പങ്കാളിത്തത്തോടെയാകും പ്ലാൻ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. 1,150 മെഗാവാട്ട് ശേഷിയുള്ളതാണ് ഗുജറാത്തിലെ ഖവ്ദയിലൊരുങ്ങുന്ന പ്ലാന്റ്.
നിക്ഷേപം ഇരു കമ്പനികളുടെ സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയുടെ ഊർജ്ജ ലക്ഷ്യങ്ങളെ പിന്തുണയ്‌ക്കുമെന്ന് തീർച്ചയാണ്. വേഗതയിൽ വലിയ അളവിൽ ഹരിതോർജ്ജം നൽകാൻ അദാനിയുടെ പ്ലാൻ്റിന് സാധിക്കുന്നു.
ഇവിടെ നിർമിക്കുന്ന സൗരോർജ്ജം, പവർ പർച്ചേസ് എഗ്രിമെൻ്റ് വഴി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയാകും വിൽക്കുക. പാരിസ് നഗരത്തിന്റെ അഞ്ചിരട്ടി വലുപ്പത്തിൽ ഏകദേശം 538 ചതുരശ്രയടി വിസ്തീർണത്തിലാണ് ഖവ്ദ പ്ലാൻ്റൊരുങ്ങുന്നത്.
നിലവിൽ 2,250 മെഗാവാട്ട് ഊർജ്ജം ഉത്പാദിപ്പിക്കുന്നുണ്ട്. സൗരോർജം, കാറ്റ് എന്നിവയിലൂടെയാണ് പ്രധാനമായും ഇവിടെ ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നത്. പ്ലാൻ്റിന്റെ നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ 16 ദശലക്ഷത്തിലേറെ വീടുകളിൽ ക്ലീൻ എനർജി എത്തിക്കാനാകും. 15,200-ലധികം തൊഴിവസരങ്ങളും ഇത് സൃഷ്ടിക്കും.
കാർബൺ ബഹിർഗമനം നിയന്ത്രിക്കുന്നതിലും പ്ലാൻ്റ് നിർണായകമാകും. പ്രതിവർഷം 58 ദശലക്ഷം ടൺ കാർബൺ പുറന്തള്ളൽ കുറയ്‌ക്കാൻ ഇതുവഴി സാധിക്കും.