കൊച്ചി: കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഫ്രഷ്ക്രാഫ്റ്റ് ആഗോളതലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി അവരുടെ ഏറ്റവും പുതിയ ഉത്പന്നമായ മുറിക്കുള്ളിലെ വായുവിന്‍റെ ഗുണമേന്മ കൂട്ടുന്ന ഉപകരണം ടെന്‍ഷീല്‍ഡ് ദുബായില്‍ അവതരിപ്പിച്ചു. ഫ്രഷ്ക്രാഫ്റ്റ് സിഇഒ വിനീത് കുമാര്‍ മേട്ടയില്‍, ഏരീസ് ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ഡോ. സോഹന്‍ റോയ്, മദര്‍സണ്‍-എസ്എംഎച്എസ് സിഒഒ വിമല്‍ മന്‍ചന്ദ, എന്നിവര്‍ ചേര്‍ന്നാണ് ഔദ്യോഗികമായി ഉപകരണം പുറത്തിറക്കിയത്.
ആമസോണ്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക പ്രൊക്യുര്‍മെന്‍റ് മേധാവി സതീഷ് നായര്‍ സന്നിഹിതനായിരുന്നു.
ലോകത്തെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ പാര്‍ട്സ് നിര്‍മ്മാതാക്കളിലൊന്നായ മദര്‍സണ്‍ ഗ്രൂപ്പാണ് ടെന്‍ഷീല്‍ഡ് നിര്‍മ്മിക്കുന്നത്. ഇതാദ്യമായാണ് ഓട്ടോമൊബൈല്‍ ഉപകരണത്തിന് പുറമെയുള്ള ഉത്പന്നം അവര്‍ പുറത്തിറക്കുന്നത്.
3000 ക്യുബിക് അടി മുതല്‍ 10,000 ക്യുബിക് അടി വരെയുള്ള മുറികള്‍ക്കുള്ളിലെ വായു ശുദ്ധീകരിക്കുകയും രോഗാണുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്ന ടെന്‍ഷീല്‍ഡ് ആറ്റം, ടെന്‍ഷീല്‍ഡ് സ്കൈ, ടെന്‍ഷീല്‍ഡ് ഗോ എന്നീ മോഡലുകളാണ് ഇതിനുള്ളത്.
വായുജന്യ രോഗങ്ങളെ ഇല്ലാതാക്കുന്ന പ്ലാസ്മ മീഡിയേറ്റഡ് ആയുള്ള അയോണുകള്‍ പുറത്തേക്ക് വിട്ടാണ് ഇത് സാധ്യമാക്കുന്നത്.സാധാരണ എയര്‍ പ്യൂരിഫയറുകളെപ്പോലെ ഇത് വായു വലിച്ചെടുത്ത് ശുദ്ധീകരിക്കുകയല്ല ചെയ്യുന്നത്. അതിനാല്‍ തന്നെ കാലാകാലങ്ങളില്‍ ഫില്‍ട്ടര്‍ മാറ്റേണ്ട ആവശ്യമില്ല. ഐഒടി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഉപകരണമാണിത്. സ്വന്തം മൊബൈല്‍ ഫോണിലൂടെ ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കും.
കൊവിഡാനന്തര ലോകത്തില്‍ ഈ ഉപകരണത്തിന് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് കമ്പനി സിഇഒ വിനീത് കുമാര്‍ പറഞ്ഞു. മുറിക്കുള്ളിലെ വായുവിലുള്ള രോഗാണുവിനെ നെഗറ്റീവ് അയോണുകളിലൂടെ നശിപ്പിക്കുന്നതിനോടൊപ്പം പ്രതലത്തിലുള്ള രോഗാണുക്കളെക്കൂടി ഇത് ഇല്ലാതാക്കുന്നുണ്ട്. ഈ ഉപകരണം പുറത്തുവിടുന്ന നെഗറ്റീവ് അയോണുകള്‍ മനുഷ്യശരീരത്തിനും ഗുണകരമാണ്. അതിനാല്‍ ദീര്‍ഘകാല ആരോഗ്യസൗഖ്യത്തിന് ഈ ഉപകരണം സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ അന്താരാഷ്ട്ര ലബോറട്ടറികളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഈ ഉപകരണങ്ങളുടെ അന്താരാഷ്ട്ര അവതരണം നടത്തിയത്. ദുബായ് സെന്‍ട്രല്‍ ലബോറട്ടി ഡിപ്പാര്‍ട്ട്മന്‍റ്, ഇന്‍റര്‍ടെക് ഗ്രൂപ്പ്, ഹോങ് കോങ്, സിഎസ്ഐആറിനു കീഴിലുള്ള നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്(എന്‍ഐപിഇആര്‍) രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി, ശ്രീചിത്ര ബയോടെക്നോളജി ഗവേഷണ വിഭാഗം എന്നിവിടങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്.പ്ലാസ്മ ശാസ്ത്രശാഖയിലെ ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. അരുണ്‍കുമാര്‍ ശര്‍മ്മയുടെ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തത്.
കേന്ദ്രസര്‍ക്കാരിന്‍റെ ഗവേഷണ സ്ഥാപനമായ നെക്ടറിന്‍റെ ഡയറക്ടര്‍ ജനറല്‍ കൂടിയാണദ്ദേഹം. കേന്ദ്ര ശാസ്ത്ര-സാങ്കേതികവകുപ്പിന്‍റെ കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍,മേക്കര്‍ വില്ലേജ് എന്നിവിടങ്ങളില്‍ ഫ്രഷ്ക്രാഫ്റ്റ് ഇന്‍കുബേറ്റ് ചെയ്തിട്ടുണ്ട്. ഈ ഉപകരണത്തിന്‍റെ പേറ്റന്‍റ് നേടുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.
ആവേശകരമായ ഊര്‍ജ്ജമുള്ള യുവാക്കളെയാണ് ഫ്രഷ്ക്രാഫ്റ്റിലൂടെ കാണാന്‍ സാധിച്ചതെന്ന് വിമല്‍ മന്‍ചന്ദ പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലായ്പ്പോഴും അവരുടെ പക്കല്‍ പരിഹാരമാര്‍ഗമുണ്ടാകും. സധൈര്യം മുന്നോട്ടു പോയാല്‍ വിജയം കൂടെ വരുമെന്ന ഹെന്‍റി ഫോര്‍ഡിന്‍റെ വാക്കുകള്‍ ഇവരുടെ കാര്യത്തില്‍ ഏറെ ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
ജോലിയിടങ്ങളിലെ അന്തരീക്ഷവായു സംരക്ഷിക്കുന്ന ഉത്പന്നങ്ങള്‍ ഇന്ന് മാര്‍ക്കറ്റില്‍ അധികമില്ലെന്ന് സതീഷ് നായര്‍ ചൂണ്ടിക്കാട്ടി. ആമസോണടക്കം നിരവധി കമ്പനികള്‍ക്ക് സുരക്ഷിതമായ ജോലി അന്തരീക്ഷത്തിനായി ഈ ഉപകരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം വായുമലിനീകരണം നിമിത്തം 35 ലക്ഷം അകാലമരണങ്ങളാണ് ലോകത്തുണ്ടാകുന്നത്. ഇത് തടയുന്നതിനു വേണ്ടിയുള്ള ശാസ്ത്രീയമായ രീതിയാണ് ടെന്‍ഷീല്‍ഡ് അവലംബിക്കുന്നത്.
നിലവില്‍ എറണാകുളത്തെ ഓഫീസിനു പുറമെ ദുബായ്, അമേരിക്ക എന്നിവിടങ്ങളിലും ഫ്രഷ്ക്രാഫ്റ്റിന് ഓഫീസുണ്ട്. നാല്‍പതിലധികം രാജ്യങ്ങളില്‍ നിന്ന് ഈ ഉപകരണത്തിന് ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനിയുടെ ഉപഭോക്താക്കളും വ്യവസായ പ്രമുഖരും ലോഞ്ച് പരിപാടിയില്‍ പങ്കെടുത്തു.