ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബുകളിലൊന്നായ എവർട്ടണെ സ്വന്തമാക്കി അമേരിക്കൻ കോടീശ്വരൻ ഡാൻ ഫ്രീഡ്കിൻ. ബ്രിട്ടീഷ്-ഇറാനിയൻ വ്യവസായി ഫർഹദ് മോഷിരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 94.1 ശതമാനം ഓഹരിയാണ് ഫ്രീഡ്കിൻ ഗ്രൂപ്പ് വാങ്ങാൻ ധാരണയായത്.
രണ്ട് മാസം നീണ്ട ചർച്ചകൾക്കൊടുവിലാണ് കൈമാറ്റത്തിൽ ധാരണയായത്. നിലവിൽ ഇറ്റാലിയൻ ക്ലബ് എ.എസ് റോമയുടെ ഉടമ കൂടിയാണ് ഫ്രീഡ്കിൻ. ഏകദേശം 400 മില്യണിലധികം പൗണ്ട് ക്ലബ് ഏറ്റെടുക്കുമ്പോള്‍ ഫ്രീഡ്കിന്‍ ഗ്രൂപ്പില്‍നിന്ന് ഫര്‍ഹാദ് മോഷിരിക്ക് ലഭിക്കും. ചെറിയ ശതമാനം ഓഹരി മാത്രമാകും ശേഷം മോഷിരിക്ക് ക്ലബില്‍ ഉണ്ടാകുക.
ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള പ്രീമിയര്‍ ലീഗിലെ പത്താമത്തെ ക്ലബാകും എവര്‍ട്ടണ്‍. നേരത്തെ മറ്റൊരു അമേരിക്കന്‍ വ്യവസായിയും ക്രിസ്റ്റല്‍ പാലസിന്റെ സഹ ഉടമയുമായ ജോണ്‍ ടെക്സ്റ്റര്‍ ഏവര്‍ട്ടനെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ഒരാൾ ഒന്നിലധികം ടീമുകൾ സ്വന്തമാക്കുന്നത് വിലക്കുന്ന പ്രീമിയര്‍ ലീഗ് നിയമം തടസ്സമാകുകയായിരുന്നു.
2016ലാണ് 750 മില്യണിലധികം പൗണ്ട് നിക്ഷേപിച്ച് ഫര്‍ഹാദ് മോഷിരിയുടെ ബ്ലൂ ഹെവന്‍ ഹോള്‍ഡിങ്‌സ് ക്ലബിന്റെ ഉടമസ്ഥാവകാശത്തിലേക്ക് വന്നത്. എന്നാല്‍, മോഷിരി പ്രധാന ഉടമയായതോടെ മറ്റു ഓഹരിയുടമകൾ അതൃപ്തരായിരുന്നു.
മാനേജ്മെന്റിലെ അസ്വാരസ്യങ്ങള്‍ ടീമിന്റെ പ്രകടനത്തെയും ബാധിച്ചു. പ്രീമിയര്‍ ലീഗിൽ കഴിഞ്ഞ മൂന്ന് സീസണുകളിൽ യഥാക്രമം 16, 17, 15 സ്ഥാനങ്ങളിലായിരുന്നു ക്ലബ്. ഇതിനിടെ പ്രീമിയര്‍ ലീഗ് സാമ്പത്തിക നിയമം ലംഘിച്ചതിന് രണ്ട് സീസണില്‍ നടപടി നേരിടുകയും ചെയ്തു. ആരാധക രോഷവും ക്ലബ് അധികൃതർക്ക് നേരിടേണ്ടി വന്നു.
ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് 5.7 ബില്യണ്‍ പൗണ്ടാണ് ഡാന്‍ ഫ്രീഡ്കിന്റെ ആസ്തി. ടൊയോട്ട കാറുകളുടെ ലോകത്തിലെ ഏറ്റവും വലിയ വിതരണക്കാരാണ് ഫ്രീഡ്കിൻ ഗ്രൂപ്പ്.
പുതിയ ഉടമയിലെത്തുന്നത് ക്ലബിന്റെ കുതിപ്പിന് കാരണമാകുമെന്നും പുതിയ പരിശീലകനും താരങ്ങളുമെല്ലാം എത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് ആരാധകർ.