ന്യൂയോര്‍ക്ക്: എഫ്ടിഎക്‌സിന്റെ കണക്കുകള്‍ നോക്കിയിരുന്ന പ്രഗര്‍ മെറ്റിസ് സിപിഎസ് എല്‍എല്‍സി എന്ന ഓഡിറ്റിംഗ് സ്ഥാപനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് നിക്ഷേപകര്‍ കോടതിയെ സമീപിച്ചു. 20,000 ഡോളര്‍ നഷ്ടപ്പെട്ട, പിയേഴ്‌സണ്‍ എന്ന ഒരു നിക്ഷേപകനാണ് കേസ് ഫയല്‍ ചെയിരിക്കുന്നത്. മറ്റൊരു ഓഡിറ്ററായ അര്‍മാനിനോ എല്‍എല്‍പി, എഫ്ടിഎക്‌സിന്റെ സഹസ്ഥാപകന്‍ സാം ബാങ്ക്മാന്‍ഫ്രൈഡ് തുടങ്ങിയവര്‍ക്കെതിരെയും കേസുണ്ട്.
അര്മാനിനോയും പ്രഗര്‍ മെറ്റീസും എഫ്ടിഎക്‌സിന് ക്ലീന്‍ ഓഡിറ്റിംഗ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രണ്ട് അക്കൗണ്ടിംഗ് സ്ഥാപനങ്ങളും എഫ്ടിഎക്‌സിന് ചിയര്‍ ലീഡര്‍മാരായി പ്രവര്‍ത്തിച്ചെന്ന് കേസ് നല്‍കിയയാള്‍ വാദിക്കുന്നു. എഫ്ടിഎക്‌സിനെ ടാഗ് ചെയ്ത ഒരുമിച്ച് സഞ്ചരിക്കാം സുഹൃത്തെയെന്ന അര്‍മാനിയോയുടെ ട്വീറ്റും, എഫ്ടിഎക്‌സിനെ സേവിക്കാനായതില്‍ അഭിമാനിക്കുന്നു എന്ന് രേഖപ്പെടുത്തിയ പ്രഗര്‍ മെറ്റിസിന്റെ ട്വീറ്റും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.
ഓഡിറ്റര്‍മാര്‍ പ്രൊഫഷണലുകളാണെങ്കില്‍ സന്ദേഹത്തോടുകൂടിയാണ് ക്ലയ്ന്റുകളെ സമീപിക്കേണ്ടതെന്നും പിയേഴ്‌സണിന്റെ അഭിഭാഷകന്‍ പറഞ്ഞു. ജാഗ്രതയും സന്ദേഹവുമാണ് കമ്പനിയുടെ സാമ്പത്തികസ്ഥിതി വിലയിരുത്തുമ്പോള്‍ വേണ്ടത്. ‘അര്‍മാനിനോയോ പ്രഗര്‍ മെറ്റീസോ ഇവിടെ അങ്ങനെ ചെയ്തിട്ടില്ല.’
മെറ്റാവേഴ്‌സില്‍ അക്കൗണ്ട് തുറന്ന ആദ്യ അക്കൗണ്ടിംഗ് സ്ഥാപനം എന്ന അവകാശവാദവുമായാണ് പ്രഗര്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്ക്മാന്‍ഫ്രൈഡ്, എഫ്ടിഎക്‌സ് എന്നിവര്‍ക്കെതിരെ ഫയല്‍ ചെയ്ത ഏറ്റവും പുതിയ കേസാണിത്. പ്ലാറ്റ്‌ഫോമിനെ പ്രോത്സാഹിപ്പിച്ച സെലിബ്രിറ്റികള്‍ക്കെതിരെയും നേരത്തെ കേസുകളെടുത്തിരുന്നു.
നിക്ഷേപകര്‍ക്ക് ബില്യണുകള്‍ നഷ്ടമാക്കി രണ്ടാഴ്ചമുന്‍പാണ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ എഫ്ടിഎക്‌സ് തകര്‍ച്ച വരിച്ചത്. സിഇഒ സാം ബാങ്ക്മാന്‍ ഫ്രൈഡിന് ഒറ്റരാത്രികൊണ്ട് ശതകോടീശ്വര പദവി നഷ്‌പ്പെട്ടു. വ്യക്തിഗത സ്വത്ത് 94 ശതമാനം ഇടിഞ്ഞ് 991.5 മില്യണ്‍ ഡോളറായതോടെയാണ് ഇത്.