ന്യൂഡൽഹി: ഇന്ത്യയിലെ ക്രൂഡ് ഓയിൽ ഡിമാൻഡ് വാർഷികാടിസ്ഥാനത്തിൽ, 4-5% വർധിക്കുമെന്ന് പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ചെയർമാൻ ജി.കൃഷ്ണ കുമാർ പറഞ്ഞു.
അതേ സമയം ഇന്ത്യയുടെ പെട്രോ കെമിക്കൽ ഉപഭോഗം ഓരോ വർഷവും സർവ്വകാല ഉയരം എന്ന തോതിൽ 7-8% വർധന നേടുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ശുദ്ധീകരിച്ച ഓയിൽ പ്രൊഡക്ട്സ, പെട്രോ കെമിക്കൽസ് എന്നിവയുടെ ഡിമാൻഡ് വർധിച്ചു വരികയാണ്. പല ഇന്ത്യൻ എണ്ണക്കമ്പനികളും തങ്ങളുടെ ക്രൂഡ് പ്രൊസസിങ് ശേഷി വർധിപ്പിക്കാനും, റിഫൈനറികളിൽ എഥിലീൻ ക്രാക്കർ യൂണിറ്റുകൾ സ്ഥാപിക്കാനും പദ്ധതിയിടുന്നു.
ബി.പി.സി.എൽ, കമ്പനിയുടെ ഇന്റഗ്രേറ്റഡ് റിഫൈനിങ് & പെട്രോ കെമിക്കൽ ശേഷി അടുത്ത 5 മുതൽ 7 വർഷത്തേക്ക് വർധിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ബി.പി.സി.എൽ തങ്ങളുടെ ഒരു റിഫൈനറിയുടെ ശേഷി വർധിപ്പിക്കുന്നതിനായി 3.8 ബില്യൺ ഡോളർ (320 ബില്യൺ ഇന്ത്യൻ രൂപ) വായ്പ നേടുന്നതിനായി വിവിധ ബാങ്കുകളുമായി ചർച്ച നടത്തുകയാണെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.
മധ്യപ്രദേശിലെ ബിന റിഫൈനറിയുടെ ശേഷിയാണ് ഇത്തരത്തിൽ വർധിപ്പിക്കുകയെന്നും റിപ്പോർട്ട് പറയുന്നു.ഇതേ റിഫൈനറിയിൽ എഥിലീൻ ക്രാക്കർ യൂണിറ്റ് സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. ഇത്തരത്തിൽ ആകെ 5.8 ബില്യൺ ഡോളർ (490 ബില്യൺ രൂപ) ആകെ നിക്ഷേപം നടത്താനാണ് ഉദ്ദേശിക്കുന്നത്.
ഇന്ത്യ, തങ്ങളുടെ റിഫൈനിങ് ശേഷി 2028 വരെ, ഓരോ വർഷവും, പ്രതിദിനം 1.12 മില്യൺ ബാരലുകൾ വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വർധിച്ചു വരുന്ന ഇന്ധന ഡിമാൻഡിനെ തുടർന്നാണിത്.
നിലവിൽ പ്രതിവർഷം 254 ടൺ മെട്രിക് ശേഷിയാണ് ഇന്ത്യയുടെ റിഫൈനിങ് ശേഷി. ഇത് അടുത്ത അഞ്ച് വർഷങ്ങൾ കൊണ്ട് 22% വർധിപ്പിച്ച്, പ്രതിദിനം 5.8 മില്യൺ ബാരലുകൾ എന്ന നിലയിലേക്ക് ഉയർത്താനാണ് ഉദ്ദേശിക്കുന്നത്.
നിലവിൽ ഇലക്ട്രിക് വാഹന മേഖലയ്ക്ക് സർക്കാർ വലിയ പിന്തുണയാണ് നൽകുന്നത്. എന്നാൽ ഇന്ത്യ പോലെ വലിയ ഒരു രാജ്യത്തുടനീളം ചാർജിങ് സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്താൻ സമയമെടുക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ താരതമ്യേന ഉയർന്നു നിൽക്കുന്ന വിലയും മറ്റൊരു വെല്ലുവിളിയാണ്.
ഇതെല്ലാം വരും നാളുകളിലും ഫോസിൽ ഇന്ധന ഡിമാൻഡ് താഴാനിടയില്ല എന്ന സൂചനകൾ നൽകുന്നു.