
കൊച്ചി: ക്രൂഡ് ഓയിൽ വിലയിൽ വർധന. ബാരലിന് 86.31 ഡോളറാണ് ഇപ്പോഴത്തെ വിലനിലവാരം. യുഎസിലെ ബാങ്കിങ് രംഗത്തെ തകർച്ച കാരണം 80 ഡോളറിന് താഴേക്ക് കഴിഞ്ഞ മാസം ക്രൂഡ് ഓയിൽ വില ഇടിഞ്ഞിരുന്നു.
ഇന്ത്യയിലെ പെട്രോളിയം ഉല്പന്നങ്ങളുടെ കയറ്റുമതി വൻതോതിൽ വർധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഏതാനും വർഷങ്ങളായി കയറ്റുമതി വർധിച്ചു വരികയാണ്.
നെതർലാൻഡ്സ്, ചൈന, സിംഗപ്പൂർ,യുകെ, യുഎഇ, സൗദി അറേബ്യ, ബ്രസീൽ, ഇന്തൊനീഷ്യ, തുർക്കി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക് 2022 ഏപ്രിൽ-2023 ജനുവരി കാലയളവിൽ കയറ്റുമതി വർധിച്ചു.
ഇന്ത്യയിൽ നിന്ന്, നെതർലാൻഡ്സ് മാത്രം, 8,890 മില്യൺ ഡോളറിന്റെ പെട്രോളിയം ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്തു.
ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ, നേപ്പാൾ, ഭൂട്ടാൻ ഒഴികെയുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പെട്രോൾ, ഹൈ സ്പീഡ് ഡീസൽ എന്നിവ 3,353 (TMT-Thousand Metric Tonnes) ൽ നിന്ന് 6,376 (TMT-Thousand Metric Tonnes) എന്ന തോതിലേക്ക് ഇതേ കാലയളവിൽ വർധിച്ചു.
ക്രൂഡ് ഓയിൽ വില ഇടിയുന്ന സാഹചര്യങ്ങളിലും ഇന്ത്യയിലെ എണ്ണക്കമ്പനികൾ, മാസങ്ങളായി ഇന്ധന വിലയിൽ മാറ്റം വരുത്താൻ തയ്യാറായിട്ടില്ല. നേരത്തെയുണ്ടായിരുന്ന നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണിത്.
കേന്ദ്ര സര്‍ക്കാര്‍, പെട്രോൾ, ഡീസൽ തീരുവ കുറച്ചതിന് ശേഷം കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തെ ഇന്ധന വിലയിൽ മാറ്റമുണ്ടായിട്ടില്ല.
സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച സെസ്, ഇന്ധനത്തിന് ബാധകമായതോടെ,2023 ഏപ്രിൽ 1 മുതൽ കേരളത്തിൽ പെട്രോൾ-ഡീസൽ വില വർധിച്ചിരുന്നു.
രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില, രൂപയുടെ വിനിമയ നിരക്ക് തുടങ്ങിയവയ്ക്കനുസരിച്ചാണ്, എണ്ണക്കമ്പനികൾ രാജ്യത്തെ ഇന്ധന വില നിശ്ചയിക്കുന്നത്.