ന്യൂഡൽഹി: ഇന്ത്യയിൽ അടുത്തകാലത്തെങ്ങും പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്.
എണ്ണവില കൂടിയത് മൂലമുണ്ടായ നഷ്ടം നികത്താൻ എണ്ണകമ്പനികൾക്ക് ഇനിയും 18,000 കോടി വേണമെന്നുള്ളതിനാലാണ് വില കുറയാത്തതെന്നാണ് സൂചന. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് സി.എൻ.ബി.സി ടി.വി 18 ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
നേരത്തെ യു.എസിലെ ബാങ്കുകളുടെ തകർച്ചയെ തുടർന്ന് ക്രൂഡോയിൽ വില ഇടിഞ്ഞിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 74 ഡോളറായാണ് കുറഞ്ഞത്. പക്ഷേ ഇതിന്റെ ഗുണം ഇന്ത്യയിലെ ജനങ്ങൾക്ക് കിട്ടില്ലെന്നാണ് സൂചന.
എണ്ണ കമ്പനികൾക്കുണ്ടായ 18,000 കോടിയുടെ നഷ്ടം തിരിച്ചെടുക്കാൻ ദീർഘകാലം വേണമെന്നിരിക്കെ നിലവിൽ ഇന്ത്യയിൽ എണ്ണവില കുറയാൻ സാധ്യതയില്ലെന്നാണ് പ്രവചനം.
നേരത്തെ 2021 ഡിസംബറിനും 2023 മാർച്ചിനുമിടയിൽ ക്രൂഡോയിൽ വിലയിൽ 23 ശതമാനം വർധനയുണ്ടായപ്പോൾ പെട്രോൾ, ഡീസൽ വില യഥാക്രമം 1.08 ശതമാനവും 3.40 ശതമാനവുമാണ് ഡൽഹിയിൽ വർധിച്ചതെന്ന് പാർലമെന്റിലെ ചോദ്യത്തിന് പെട്രോളിയം മന്ത്രാലയം മറുപടി നൽകിയിരുന്നു.
2022 ഏപ്രിൽ ആറിന് ശേഷം എണ്ണ കമ്പനികൾ ഇന്ത്യയിൽ വില കൂട്ടിയിട്ടില്ല. ഏപ്രിൽ 2022 മുതൽ ഡിസംബർ 2022 വരെ 18,622 കോടിയുടെ നഷ്ടം എണ്ണ കമ്പനികൾക്ക് ഉണ്ടായിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ അവകാശവാദം.
ക്രൂഡോയിൽ വില ദീർഘകാലത്തേക്ക് 70 ഡോളറിൽ തുടരുകയാണെങ്കിൽ വില കുറക്കുന്നത് എണ്ണ കമ്പനികൾ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.