തീരുവയുദ്ധം: ലോകവ്യാപാരത്തില്‍ മൂന്നുശതമാനം ഇടിവുണ്ടാക്കുമെന്ന് യുഎന്‍ സാമ്പത്തിക വിദഗ്‌ധദേശീയപാതാ വികസനത്തിന് 10 ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കും: ഗഡ്കരിതീരുവയേക്കാള്‍ തിരിച്ചടി ആഗോളമാന്ദ്യം നൽകുമെന്ന ആശങ്കയിൽ ഇന്ത്യക്ലബ്ബും അസോസിയേഷനും അംഗങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിന് GST ബാധകമല്ലമാലിന്യ സംസ്കരണ മേഖലയിലേക്ക് നിക്ഷേപ ഒഴുക്ക്

കെഎസ്‌ആര്‍ടിസിയില്‍ സമ്പൂര്‍ണ ഡിജിറ്റൽ പേയ്മെന്റ് വരുന്നു

കൊല്ലം: കൈയില്‍ പണമില്ലെങ്കിലും സാരമില്ല. മൊബൈലും അക്കൗണ്ടില്‍ പണവും മതി. കെഎസ്‌ആർടിസിയുടെ എല്ലാ ബസുകളിലും ഡിജിറ്റല്‍ പേയ്മെന്റ് വരുന്നു.

നിലവില്‍ ചില സ്വിഫ്റ്റ് ബസുകളിലും ദീർഘദൂര സൂപ്പർഫാസ്റ്റുകളിലും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമുണ്ടെങ്കിലും പതിനായിരക്കണക്കിന് യാത്രക്കാർക്ക് ഉപകാരപ്പെടുംവിധത്തില്‍ സംസ്ഥാനത്തുടനീളം ഓർഡിനറികള്‍ ഉള്‍പ്പടെ സമ്പൂർണ ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യം ഏർപ്പെടുത്താനാണ് കെഎസ്‌ആർടിസി ഒരുങ്ങുന്നത്.

രണ്ടുമാസത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറും. എല്ലാ ബസുകളിലും യുപിഐ പേയ്മെന്റ് സംവിധാനമുള്ള ടിക്കറ്റ് മെഷീൻ ഒരുക്കും. ക്യൂആർ കോഡ് സ്കാൻ ചെയ്ത് പണമടച്ചാല്‍ മെഷീനില്‍ ടിക്കറ്റ് ലഭിക്കും വിധമാണ് സംവിധാനം.

പലപ്പോഴും ചില്ലറയും കൃത്യം കറൻസി നോട്ടുമില്ലാതെ വിഷമിച്ചിരുന്ന യാത്രക്കാർക്ക് വലിയ ആശ്വാസവുമാകും. ജിപേ, പേടിഎം, ഫോണ്‍പേ തുടങ്ങിയ ആപ്പുകള്‍ വഴിയും പണം നല്‍കി ടിക്കറ്റ് എടുക്കാനാവും. സമയനഷ്ടവുമുണ്ടാകില്ല.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ഡിപ്പോകളില്‍ ലൈവ് ടിക്കറ്റിങ് സാധ്യമാകുന്ന പുതിയ ടിക്കറ്റ് മെഷീൻ വിതരണം ചെയ്തു. രണ്ടുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവൻ ഡിപ്പോകളിലേക്കും പുതിയ ടിക്കറ്റ് മെഷീനുകള്‍ എത്തും. ചലോ എന്ന കമ്പനിയുടെ ടിക്കറ്റ് മെഷീനും അനുബന്ധ ഓണ്‍ലൈൻ സൗകര്യവുമാണ് ഇതിനായി കോർപറേഷൻ വാടകയ്ക്ക് എടുത്തത്.

ഒരു ടിക്കറ്റിന് നികുതി ഉള്‍പ്പടെ 16.16 പൈസ വാടകനല്‍കണം. ടിക്കറ്റ് മെഷീനുകള്‍, ഓണ്‍ലൈൻ, ഡിജിറ്റല്‍ പണമിടപാട് ഗേറ്റ് വേ, സെർവറുകള്‍, ഇന്റർനെറ്റ് സൗകര്യം, ഡിപ്പോകളിലെ കമ്പ്യൂട്ടറുകള്‍, ബസുകളിലെ ജിപിഎസ് സംവിധാനം, കണ്‍ട്രോള്‍ റൂമുകള്‍ എന്നിവയെല്ലാം കമ്പനി നല്‍കണം.

മെഷീനുകളുടെയും ഓണ്‍ലൈൻ സംവിധാനത്തിന്റെയും പരിപാലനവും കരാർ കമ്പനിയുടെ ചുമതലയാണ്. വർഷം 10.95 കോടി രൂപ പ്രതിഫലം നല്‍കേണ്ടിവരും.

ഇതിന്റെ പകുതി വിലയ്ക്ക് സ്വന്തമായി ടിക്കറ്റ് മെഷീനുകള്‍ വാങ്ങാൻ കഴിയുമെങ്കിലും ഓണ്‍ലൈൻ സംവിധാനവും സാങ്കേതിക സഹായവും കണക്കിലെടുക്കുമ്പോള്‍ വാടക ഇടപാട് ലാഭകരമാണെന്ന വിലയിരുത്തലിലാണ് കോർപ്പറേഷൻ അധികൃതർ.

കേന്ദ്രസർക്കാർ ആവിഷ്കരിച്ച നാഷണല്‍ കോമണ്‍ മൊബിലിറ്റി കാർഡുകള്‍ ഉപയോഗിച്ചും പുതിയ മെഷീനുകളില്‍ പണമിടപാട് സാധ്യമാണ്. ബസില്‍ വിതരണംചെയ്യുന്ന ടിക്കറ്റിന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ ഓണ്‍ലൈനില്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് എത്തും.

റിസർവേഷനില്ലാത്ത ബസുകളില്‍ പോലും എത്ര സീറ്റ് ഒഴിവുണ്ടെന്നും ഒരോ സ്ഥലത്തുനിന്നും എത്ര ടിക്കറ്റുകള്‍ നല്‍കുന്നുവെന്നും കണ്‍ട്രോള്‍ റൂമില്‍ അറിയാനാകും. തിരക്കുള്ളതും കുറഞ്ഞതുമായ പാതകള്‍ കണ്ടെത്തി ബസുകള്‍ വിന്യസിക്കാനാകും.

ചലോ മൊബൈല്‍ ആപ്പില്‍ ഒരോ ബസുകളുടെ യാത്രാ വിവരവും തത്സമയം അറിയാം. സ്റ്റോപ്പുകളില്‍ നില്‍ക്കുന്ന യാത്രക്കാർക്ക് ആ റൂട്ടിലെ അടുത്ത ബസ് എപ്പോള്‍ എത്തുമെന്ന വിവരം മൊബൈല്‍ ഫോണില്‍ ലഭിക്കും. ബസില്‍ കയറുന്നതിന് മുമ്പേ ടിക്കറ്റ് എടുക്കാനുമാവും.

X
Top