മുംബൈ: ഫ്യൂച്ചർ റീട്ടെയിലിന് 33 സാമ്പത്തിക കടക്കാരിൽ നിന്ന് മൊത്തം 21,057 കോടി രൂപയുടെ ക്ലെയിമുകൾ ലഭിച്ചതായി കോർപ്പറേറ്റ് ഇൻസോൾവൻസി റെസലൂഷൻ പ്രോസസിന് (സിഐആർപി) കീഴിലുള്ള കമ്പനി പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു. ഇതിന് പുറമെ പ്രവർത്തന വായ്പക്കാരിൽ നിന്ന് 265 കോടിയുടെയും, മറ്റ് കടക്കാരിൽ നിന്ന് 112 കോടിയുടെയും ജീവനക്കാരിൽ നിന്ന് 9 കോടിയുടെയും ക്ലെയിമുകളാണ് ഇതിന് ലഭിച്ചിത്.
ഇതുവരെ ലഭിച്ച മൊത്തം ക്ലെയിമുകളിൽ, 17,511.69 കോടി രൂപയുടേത് ഇടക്കാല റെസല്യൂഷൻ പ്രൊഫഷണൽ (IRP) പരിശോധിച്ചതായും, ശേഷിക്കുന്ന 3,546 കോടി രൂപയുടെ ക്ലെയിമുകൾ ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. ബാങ്ക് ഓഫ് ന്യൂയോർക്ക് മെലോൺ കമ്പനിക്കെതിരെ 4,669 കോടി രൂപ ക്ലെയിം ചെയ്തു, ഇത് യുഎസ് ആസ്ഥാനമായുള്ള ബാങ്കിന് കമ്പനിയിൽ 23 ശതമാനം വോട്ടവകാശം നൽകുന്നു.
കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യുകോ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയുൾപ്പെടെയുള്ള സർക്കാർ ഉടമസ്ഥതയിലുള്ള വായ്പാ ദാതാക്കൾ ഫ്യൂച്ചർ റീട്ടെയിലിനെതിരെ 12,755 കോടി രൂപയിലധികം വരുന്ന ക്ലെയിമുകൾ ചെയ്തിട്ടുണ്ട്. ഇത് സാമ്പത്തിക കടക്കാരിൽ നിന്ന് ഫ്യൂച്ചർ റീട്ടെയിലിന് ലഭിച്ച ക്ലെയിമുകളുടെ ഏതാണ്ട് 60 ശതമാനം വരും.
ആക്‌സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, യെസ് ബാങ്ക് എന്നിവയുൾപ്പെടെയുള്ള സ്വകാര്യമേഖല ബാങ്കുകളും യഥാക്രമം ₹464.46 കോടി, ₹357.67 കോടി, ₹220.55 കോടി, ₹148.70 കോടി എന്നിങ്ങനെയുള്ള ക്ലെയിമുകൾ സമർപ്പിച്ചിട്ടുണ്ട്. ഒപ്പം ആക്‌സിസ് ട്രസ്റ്റി സർവീസസ് ലിമിറ്റഡും പണം ക്ലെയിം ചെയ്തിട്ടുണ്ട്, എന്നാൽ ഇത് നിലവിൽ പരിശോധിച്ചിട്ടില്ല.
ഇതുകൂടാതെ, മറ്റ് കടക്കാർ, പ്രവർത്തന കടക്കാർ, ജീവനക്കാർ എന്നിവരിൽ നിന്ന് യഥാക്രമം ₹112 കോടി, ₹265 കോടി, ₹9 കോടി എന്നിങ്ങനെയുള്ള ക്ലെയിമുകളും ഐആർപിക്ക് ലഭിച്ചിട്ടുണ്ട്. മറ്റ് നാല് കടക്കാർ, 121 പ്രവർത്തന കടക്കാർ, 460 ലധികം ജീവനക്കാർ എന്നിവരിൽ നിന്നും ഐആർപി ഇതുവരെ ക്ലെയിമുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇവ സ്ഥിരീകരിക്കാൻ ഐആർപി ഇതുവരെ തയ്യാറായിട്ടില്ല.