
സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (എസ്‌ടിടി) വര്‍ധിപ്പിച്ചത് മൂലം ചില ഡെറിവേറ്റീവ് ഇടപാടുകളുടെ ചെലവ് 60 ശതമാനം വര്‍ധിക്കും.
ഇന്നലെ ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലാണ് ഫ്യൂച്ചേഴ്‌സ് ആന്റ്‌ഓപ്‌ഷന്‍സ് വ്യാപാരത്തിനുള്ള സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ടായത്.
സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് വര്‍ധിപ്പിച്ചത് ഫ്യൂച്ചേഴ്‌സ് ആന്റ്‌ഓപ്‌ഷന്‍സ് വ്യാപാരങ്ങള്‍ കുറയാന്‍ കാരണമാകുമെന്നാണ് കരുതുന്നത്.
ചില്ലറ നിക്ഷേപകര്‍ ഫ്യൂച്ചേഴ്‌സ് ആന്റ്‌ഓപ്‌ഷന്‍സ് വ്യാപാരങ്ങള്‍ നടത്തുന്നതിലുണ്ടായ ഗണ്യമായ വര്‍ധനയില്‍ നേരത്തെ റെഗുലേറ്ററി അതോറിറ്റികള്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ഓപ്‌ഷന്‍ വില്‍ക്കുന്നതിനുള്ള എസ്‌ടിടി പ്രീമിയം തുകയുടെ 0.0635 ശതമാനത്തില്‍ നിന്നും 0.1 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഫ്യൂച്ചേഴ്‌സ് വില്‍ക്കുന്നതിനുള്ള എസ്‌ടിടി ഫ്യൂച്ചേഴ്‌സിന്റെ വിലയുടെ 0.0125 ശതമാനത്തില്‍ നിന്നും 0.02 ശതമാനമായും വര്‍ധിപ്പിച്ചു.
അതായത് ഒരു ലക്ഷം രൂപ പ്രീമിയം തുകയുള്ള ഓപ്‌ഷന്‍ വില്‍ക്കുന്നതിനുള്ള എസ്‌ടിടി 62.5 രൂപയില്‍ നിന്നും 100 രൂപയായി ഉയരും. ഇത് ഫ്യൂച്ചേഴ്‌സിന്റെ കാര്യത്തില്‍ 12.5 രൂപയില്‍ നിന്നും 20 രൂപയായാണ് ഉയരുക.
പുതിയ നികുതി നിരക്കുകള്‍ ഒക്‌ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.