ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 2022-23ല്‍ 7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സ്ഥിതിവിവര മന്ത്രാലയം. 2021-22 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച 8.7 ശതമാനമായിരുന്നു. നോമിനല്‍ ജിഡിപി വളര്‍ച്ച 19.5 ശതമാനത്തില്‍ നിന്ന് 15.4 ശതമാനമായും മൊത്ത മൂല്യവര്‍ദ്ധിത വളര്‍ച്ച (ജിവിഎ) 8.1 ശതമാനത്തില്‍ നിന്ന് 6.7 ശതമാനവും 2023 സാമ്പത്തിക വര്‍ഷത്തില്‍ കുറയും.
സ്വകാര്യ ഉപഭോഗ വളര്‍ച്ച 7.7 ശതമാനവും മൊത്ത സ്ഥിര മൂലധന രൂപീകരണം 11.5 ശതമാനവുമാണ്. 2022 ല്‍ ഇവ യഥാക്രമം 7.9 ശതമാനവും 15.8 ശതമാനവുമായിരുന്നു. സ്ഥിരമായ (2011-12) വിലയിലുള്ള യഥാര്‍ത്ഥ ജിഡിപി 157.60 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു.
യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 2021-22 ലെ 8.7 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറയും. മേഖല തിരിച്ചുള്ള ജിവിഎയുടെ കാര്യത്തില്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 11.1 ശതമാനത്തില്‍ നിന്ന് സേവന രംഗം 13.7 ശതമാനമായി മെച്ചപ്പെടും.
അതേസമയം ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച മുന്‍വര്‍ഷത്തെ 9.9 ശതമാനത്തില്‍ നിന്ന് 1.6 ശതമാനമായി കുറയുകയും ചെയ്യും. ഇപ്പോള്‍ പുറത്തുവിട്ട അനുമാനങ്ങളുപയോഗിച്ചാണ് 2023-24 സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള നികുതി വരുമാനവും മറ്റ് എസ്റ്റിമേറ്റുകളും ബജറ്റിലുള്‍പ്പെടുത്തുന്നത്. ഫെബ്രുവരി 1 നാണ് കേന്ദ്രബജറ്റ്.
സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ ആദ്യ മുന്‍കൂര്‍ എസ്റ്റിമേറ്റ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചനമായ 6.8 ശതമാനത്തിന് മുകളിലായത് ശ്രദ്ധേയമായി.