ഡൽഹി: ഗെയിൽ (ഇന്ത്യ) ലിമിറ്റഡ് അതിന്റെ ഓഹരി മൂലധനം ഇരട്ടിയാക്കാനും സ്പെഷ്യാലിറ്റി കെമിക്കൽസ് ക്ലീൻ എനർജി എന്നിവയിലേക്ക് പ്രവർത്തനം വ്യാപിപിച്ച് കൊണ്ട് പ്രകൃതി വാതക പ്രക്ഷേപണത്തിനും വിതരണത്തിനും അപ്പുറം ബിസിനസ്സ് വൈവിധ്യവൽക്കരിക്കാനും പദ്ധതിയിടുന്നു. കമ്പനിയുടെ വിപുലീകരണ പദ്ധതികൾക്കുള്ള സാമ്പത്തിക സഹായത്തിന് സ്ഥാപനത്തിന്റെ അംഗീകൃത ഓഹരി മൂലധനം നിലവിലെ 5,000 കോടിയിൽ നിന്ന് 10,000 കോടി രൂപയായി ഉയർത്താൻ ഗെയിൽ ഓഹരി ഉടമകളുടെ അനുമതി തേടിയിട്ടുണ്ട്.
2030 ഓടെ പ്രാഥമിക ഊർജ പോർട്ടഫോളിയോയിലെ പ്രകൃതി വാതകത്തിന്റെ വിഹിതം ഇരട്ടിയാക്കി 15 ശതമാനമാക്കുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി ഒരു ദേശീയ വാതക ഗ്രിഡ് സൃഷ്ടിക്കുന്നതിനും നഗര വാതക വിതരണം വിപുലീകരിക്കുന്നതിനുമായി കമ്പനി നിലവിൽ പ്രകൃതി വാതക ട്രക്ക് പൈപ്പ് ലൈനുകൾ സ്ഥാപിക്കുകയാണ്.
ഗെയിലിന് അടുത്ത 3-4 വർഷത്തിനുള്ളിൽ ഏകദേശം 30,000 കോടി രൂപയുടെ കാപെക്‌സ് പ്ലാനുണ്ടെന്നും, ഈ പ്രോജക്റ്റുകൾക്ക് ഭാഗികമായി ആന്തരിക വിഭവങ്ങൾ വഴിയും കടം വഴിയും ധനസഹായം നൽകുമെന്നും കമ്പനി ഷെയർഹോൾഡർമാർക്കുള്ള നോട്ടീസിൽ പറഞ്ഞു. കൂടാതെ, കമ്പനി അതിന്റെ ഷെയർഹോൾഡർമാർക്ക് ബോണസ് ഇക്വിറ്റി ഷെയറുകൾ നൽകുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
കമ്പനി പുതിയ ബിസിനസ് മേഖലകളിലേക്ക് പ്രവേശനം നേടുന്നതിനായി മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ (MoA) ഭേദഗതി ചെയ്യാൻ ഒരുങ്ങുകയാണ്. സ്പെഷ്യാലിറ്റി കെമിക്കൽ ബിസിനസ്സിലേക്ക് വൈവിധ്യവത്കരിക്കാനും ഊർജ വിനിമയത്തിൽ ഇക്വിറ്റി എടുക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും സോളാർ ഗ്ലാസ്, മൊഡ്യൂൾ നിർമ്മാണം എന്നിവയിൽ ഏറ്റെടുക്കൽ നടത്താനും കമ്പനി ഉദ്ദേശിക്കുന്നു.
പെട്രോളുമായി കലർത്താൻ കഴിയുന്ന ബയോമാസിൽ നിന്ന് ഹരിത ഇന്ധനം ഉത്പാദിപ്പിക്കാൻ എത്തനോൾ നിർമാണ പ്ലാന്റുകൾ സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നതായാണ് വിവരം. കൂടാതെ ഗ്രീൻ ഹൈഡ്രജൻ ബിസിനസ്സിലേക്ക് പ്രവേശിക്കാനും ഉപഭോക്താക്കൾക്കായി റിസ്ക് മാനേജ്മെന്റ് സേവനങ്ങൾ നൽകുന്നതിൽ പ്രവർത്തനം വൈവിധ്യവത്കരിക്കാനും കമ്പനിക്ക് താൽപ്പര്യമുണ്ടെന്ന് ഷെയർഹോൾഡർമാരുടെ അറിയിപ്പിൽ പറഞ്ഞു.