
മുംബൈ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രാരംഭ ഘട്ട ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ 400 കോടി രൂപയുടെ നിക്ഷേപമിറക്കാൻ പദ്ധതിയിടുന്നതായി ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ ഗെയിംസ് 24×7 അറിയിച്ചു. ഈ പദ്ധതിക്കായി കമ്പനി ഗെയിംസ് 24×7 വെഞ്ചേഴ്‌സ് എന്ന പേരിൽ ഒരു സംരംഭം രൂപികരിച്ചു.
കമ്പനിയുടെ പ്രധാന ബിസിനസ്സ് മേഖലകളുമായി സഹകരിക്കുന്ന സ്റ്റാർട്ടപ്പുകളിലായിരിക്കും നിർദിഷ്ട നിക്ഷേപം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ഗെയിംസ് 24×7 പ്രസ്താവനയിൽ പറഞ്ഞു. ഗെയിംസ് 24×7 വെഞ്ച്വേഴ്സിന് 400 കോടിയിലധികം രൂപയുടെ കോർപ്പസ് ഉണ്ടായിരിക്കും.
ഓൺലൈൻ ഗെയിമിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഡിജിറ്റൽ ഉള്ളടക്കം, സ്‌പോർട്‌സ് ടെക്, ഇ-സ്‌പോർട്‌സ്, ബ്ലോക്ക്‌ചെയിൻ ടെക്‌നോളജി എന്നിവയുൾപ്പെടെയുള്ള വിഭാഗങ്ങളിലാണ് കമ്പനി പ്രവർത്തിക്കുന്നത്. അതേസമയം ഉപഭോക്തൃ ഇന്റർനെറ്റ് മേഖലയിൽ സംരംഭകത്വത്തിന്റെ വൻ കുതിപ്പിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്ന് ഗെയിംസ്24×7 സഹസ്ഥാപകനും സിഇഒയുമായ ത്രിവിക്രമൻ തമ്പി പറഞ്ഞു.
മൂലധനത്തിനപ്പുറം പ്രാരംഭ ഘട്ട കമ്പനികളെ പിന്തുണയ്ക്കാൻ തങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.