
ന്യൂഡല്‍ഹി: കോടീശ്വരന്‍മാരായ ഗൗതം അദാനി, എച്ച്സിഎല്‍ ടെക്നോളജീസിന്റെ ശിവ് നാടാര്‍, ഹാപ്പിയസ്റ്റ് മൈന്‍ഡ്സ് ടെക്നോളജീസിന്റെ അശോക് സൂത എന്നിവര്‍ ചൊവ്വാഴ്ച പുറത്തിറങ്ങിയ ഫോബ്സ് ഏഷ്യ, ഹീറോസ് ഓഫ് ഫിലാന്ത്രോപ്പി പട്ടികയില്‍ ഇടം കണ്ടെത്തി. 60,000 കോടി രൂപ സന്നദ്ധപ്രവര്‍ത്തനത്തിന് മാറ്റിവയക്കാന്‍ ഗൗതം അദാനി തയ്യാറായിരുന്നു. അറുപതാം പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഈ ധനസഹായം.
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയ്ക്കാണ് തുക ചെലവഴിക്കുക. 1996 ല്‍ സ്ഥാപിതമായ അദാനി ഫൗണ്ടേഷനിലൂടെ തുക കൈമാറും. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്ററായ അദാനി ഗ്രൂപ്പിന്റെ സ്ഥാപകനാണ് 60 കാരനായ ഗൗതം അദാനി.
അടിസ്ഥാന സൗകര്യങ്ങള്‍, ചരക്കുകള്‍, വൈദ്യുതി ഉല്‍പ്പാദനം, ട്രാന്‍സ്മിഷന്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയില്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ധനികനാകാന്‍ ഈ വര്‍ഷം അദ്ദേഹത്തിന് സാധിച്ചിരുന്നു. സ്വപ്രയത്‌നത്തിലൂടെ കോടീശ്വര പട്ടികയിലേയ്ക്കുയര്‍ന്ന ശിവ് നടാറും ധനസഹായത്തില്‍ മുന്നിട്ടുനില്‍ക്കുന്നു.
സമ്പത്തിന്റെ ഏകദേശം 1 ബില്യണ്‍ ഡോളര്‍ വിവിധ സാമൂഹിക ആവശ്യങ്ങള്‍ക്കായി അദ്ദേഹം വിനിയോഗിച്ചു.ഈ വര്‍ഷം 11,600 കോടി (142 ദശലക്ഷം ഡോളര്‍) രൂപയാണ് ഫൗണ്ടേഷനിലൂടെ അദ്ദേഹം സംഭാവന ചെയ്തത്. വ്യക്തിശാക്തീകരണത്തിനും തുല്യവും യോഗ്യതാധിഷ്ഠിതവുമായ ഒരു സമൂഹം സൃഷ്ടിക്കാനും ഉദ്ദേശിച്ചുകൊണ്ട് 1994-ലാണ് നാടാര്‍, ശിവ് നാടാര്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചത്.
എച്ച്സിഎല്‍ ടെക്നോളജീസ് (2021ല്‍ ഐടി സര്‍വീസ് കമ്പനിയുടെ എക്സിക്യൂട്ടീവ് റോളില്‍ നിന്ന് അദ്ദേഹം വിരമിച്ചു) സഹസ്ഥാപകനായ നാടാര്‍, ഫൗണ്ടേഷന്‍ വഴി സ്‌കൂളുകളും സര്‍വ്വകലാശാലകളും സ്ഥാപിക്കുന്നു. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നവയാണ്. ഫൗണ്ടേഷന്‍ ട്രസ്റ്റികളില്‍ ഭാര്യ കിരണ്‍ നാടാര്‍, മകള്‍ റോഷ്നി നാടാര്‍ മല്‍ഹോത്ര, മരുമകന്‍ ശിഖര്‍ മല്‍ഹോത്ര എന്നിവരും ഉള്‍പ്പെടുന്നു.
ടെക് വ്യവസായിയായ അശോക് സൂത 600 കോടി രൂപ (75 മില്യണ്‍ ഡോളര്‍)യാണ് സന്നദ്ധ പ്രവര്‍ത്തനത്തിനായി ചെലവഴിച്ചത്. വാര്‍ദ്ധക്യത്തിനും നാഡീസംബന്ധമായ അസുഖങ്ങള്‍ക്കുമുള്ള ‘സ്‌ക്കാന്‍’ പദ്ധതി – 200 കോടി രൂപ ചെലവഴിച്ച് അദ്ദേഹം ആരംഭിച്ചു. 2021 ഏപ്രിലില്‍ സ്ഥാപിച്ച മെഡിക്കല്‍ റിസര്‍ച്ച് ട്രസ്റ്റിന് കീഴിലാണ് പ്രവര്‍ത്തനങ്ങള്‍.