മുംബൈ: വ്യവസായ ഭീമൻ ഗൗതം അദാനി പേടിഎമ്മിൽ ഓഹരികൾ വാങ്ങാനൊരുങ്ങുന്നു. പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്യൂണിക്കേഷൻസിൽ ഓഹരികൾ വാങ്ങാൻ അദാനി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മ അദാനിയുടെ അഹമ്മദാബാദിലെ ഓഫീസിലെത്തി ഇക്കാര്യത്തിൽ ചർച്ച നടത്തിയെന്നും വാർത്തകളുണ്ട്.
അതേസമയം, വാർത്തകൾ നിഷേധിച്ച് പേടിഎം രംഗത്തെത്തിയിട്ടുണ്ട്. പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്യൂണിക്കേഷന്റെ ഓഹരികൾ അഞ്ച് ശതമാനം നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ബി.എസ്.ഇയിൽ 359 രൂപയിലാണ് പേടിഎമ്മിന്റെ വ്യാപാരം പുരോഗമിക്കുന്നത്.
തുറമുഖങ്ങൾ മുതൽ വിമാനത്താവളങ്ങൾ വരെയുള്ള അദാനി പേടിഎമ്മിലൂടെ ഫിൻടെക് വ്യവസായത്തിലേക്കും ചുവടുവെക്കാനൊരുങ്ങുകയാണ്. ഗൂഗ്ൾപേ, വാൾമാർട്ടിന്റെ ഫോൺപേ, അംബാനിയുടെ ജിയോ ഫിനാൻഷ്യൽ എന്നിവയാണ് ഈ രംഗത്തെ പ്രമുഖ കമ്പനികൾ.
കമ്പനിയിലെ ഓഹരികൾ വാങ്ങിയതിന് ശേഷം വെസ്റ്റ് ഏഷ്യൻ ഫണ്ടിന്റെ നിക്ഷേപം വൺ97 കമ്യൂണിക്കേഷനായി തേടാനും അദാനിക്ക് പദ്ധതിയുണ്ട്. പേടിഎമ്മിന്റെ സ്ഥാപകനായ വിജയ് ശേഖർ ശർമ്മക്ക് 19 ശതമാനം ഓഹരിയാണ് കമ്പനിയിൽ ഉള്ളത്.
ഏകദേശം 4200 കോടിയാണ് ഓഹരികളുടെ മൂല്യം. സ്വകാര്യ ഇക്വിറ്റി ഫണ്ടായ സെയ്ഫ് പാർട്ണേഴ്സിന് 15 ശതമാനവും ആന്റ്ഫിൻ നെതർലാൻഡിന് 10 ശതമാനവും ഡയറക്ടർമാർക്ക് എല്ലാവർക്കും കൂടി ഒമ്പത് ശതമാനം ഓഹരി പങ്കാളിത്തവും വൺ 97 കമ്യൂണിക്കേഷൻസിലുണ്ട്.