
എക്‌സിറ്റ് പോളുകളില്‍ നിന്നു വിഭിന്നമായി തെരഞ്ഞെടുപ്പു ഫലം മാറിയതോടെ ഓഹരി വിപണികളുടെ ചൂടറിഞ്ഞ് ബിസിനസ് പ്രമുഖര്‍ ഗൗതം അദാനി. എക്‌സിറ്റ് പോളുകള്‍ ബിജെപിയുടെ ക്ലീന്‍ സ്വീപ് സൂചിപ്പിച്ചപ്പോള്‍, തെരഞ്ഞെടുപ്പു ഫലം കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം സൂചിപ്പിക്കുന്നു.
എന്‍ഡിഎ സംഖ്യം മാന്ത്രിക സംഖ്യ കടന്നെങ്കിലും, ഘടകകക്ഷികള്‍ കൂടാതെ ബിജെപിക്ക് ഭരണം തുടരനാകില്ല. ഇതോടെ അദാനി ഗ്രൂപ്പിലെ ഗൗതം അദാനിയുടെ ആസ്തിയില്‍ ഒറ്റ ദിവസം കൊണ്ട് ഉണ്ടായ ഇടിവ് 2,07,941 കോടി രൂപയാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കൊവിഡിനു ശേഷം ഇന്ത്യന്‍ ഓഹരി സൂചികകള്‍ നേരിടുന്ന ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്നലെ നിക്ഷേപകര്‍ കണ്ടത്. നിക്ഷേപകര്‍ക്ക് ഇന്നലെ മാത്രം 30 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി.
അദാനി ഗ്രൂപ്പ് ഓഹരികള്‍ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നു. ഇന്നലത്തെ തകര്‍ച്ച് ആഗോള കോടീശ്വര റാങ്കിങ്ങിലും അദാനിയെ വീഴ്ത്തി. കഴിഞ്ഞ ദിവസം കോടീശ്വര പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ അദാനി പിന്നിലാക്കിയിരുന്നു.
എന്നാല്‍ ഇന്നലത്തെ വീഴ്ചയില്‍ അദാനി പട്ടികയില്‍ സ്ഥാനങ്ങള്‍ ഇറങ്ങി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കു ശേഷം തിങ്കളാഴ്ച അദാനി ഓഹരികള്‍ 11 ബില്യണ്‍ ഡോളറിന്റെ ലാഭമുണ്ടാക്കിയിരുന്നു.
എന്നാല്‍ ചൊവ്വാഴ്ചത്തെ ഫലപ്രഖ്യാപനം വന്‍ തിരിച്ചടിയായി. അദാനി ഓഹരികളിലെ നഷ്ടം ഏകദേശം 2,07,941 കോടി രൂപയാണ്. ഇതോടെ കോടീശ്വര പട്ടികയില്‍ 11-ാം സ്ഥാനത്തു നിന്ന് 15-ാം സ്ഥാനത്തെത്തി.
ബ്ലുംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം നിലവില്‍ അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 97.5 ബില്യണ്‍ ഡോളര്‍ ആണ്. ഒറ്റദിവസം കൊണ്ട് അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ ഇടിവ് 24.9 ബില്യണ്‍ ഡോളര്‍ ആണ്.
അതേസമയം ഈ വര്‍ഷം ഇതുവരെ ആസ്തി 13.2 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചിട്ടുണ്ട്. മോഡിയുടെ നഷ്ടം മുകേഷ് അംബാനിയേയും ബാധിച്ചു. അദ്ദേഹത്തിന്റെ നഷ്ടം 8.99 ബില്യണ്‍ ഡോളര്‍ ആണെന്നു സൂചിക വ്യക്തമാക്കുന്നു.
അദാനിയുടെ സമ്പത്തും, പദവിയും കുറയാന്‍ കാരണം അദ്ദേഹത്തിന്റെ കമ്പനികളുടെ ഓഹരിയിലുണ്ടായ വന്‍ ഇടിവാണ്. ചൊവ്വാഴ്ച അദാനി ഗ്രീന്‍ എനര്‍ജി 20 ശതമാനം ഇടിഞ്ഞു.
അദാനി പവര്‍ 17.55 ശതമാനം ഇടിഞ്ഞു. അദാനി എന്റര്‍പ്രൈസസ് 19.07 ശതമാനവും, അദാനി പോര്‍ട്ട് 21.40 ശതമാനവും, അദാനി ടോട്ടല്‍ ഗ്യാസ് 18.53 ശതമാനവും ഇടിഞ്ഞു. അദാനി വില്‍മറിന്റെ ഓഹരികള്‍ 10 ശതമാനം ഇടിഞ്ഞു.
അദാനി എനര്‍ജി സൊല്യൂഷന്‍, എസിസി, എന്‍ഡിടിവി, അംബുജ സിമന്റ് എന്നിവയുടെ ഓഹരികളും നഷ്ടത്തിലായിരുന്നു.