ദില്ലി: ലോക സമ്പന്നരുടെ പട്ടികയിൽ നിന്നും 24-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി. അദാനി ഗ്രൂപ്പ് സ്ഥാപകനും ശതകോടീശ്വരനും ഇന്ത്യൻ വ്യവസായിയുമായ ഗൗതം അദാനി രണ്ട് മാസം മുൻപ് വരെ ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ രണ്ടാം സ്ഥാനത്തായിരുന്നു.
ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം അദാനി ഇപ്പോൾ 24-ാം സ്ഥാനത്താണ്. ഫെബ്രുവരി 14 വരെയുള്ള അദാനിയുടെ ആസ്തി 52.4 ബില്യൺ ഡോളറിലേക്കെത്തി. ഫോർബ്സ് റിയൽ-ടൈം ബില്യണയർ സൂചിക പ്രകാരം, വ്യവസായിയുടെ ആസ്തി 53 ബില്യൺ ഡോളറാണ്.
യുഎസ് ആസ്ഥാനമായുള്ള ഗവേഷക സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ വൻ തകർച്ച നേരിട്ടു.
അതേസമയം, അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗിന്റെ ആരോപണങ്ങളും റിപ്പോർട്ട് വരുന്നതിന് മുമ്പും ശേഷവും ഗ്രൂപ്പിന്റെ ഓഹരികളിലെ വിപണി പ്രവർത്തനങ്ങളും ഇതിനകം തന്നെ അന്വേഷിക്കുന്നുണ്ടെന്ന് ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബി സുപ്രീം കോടതിയെ അറിയിച്ചു.
അദാനി ഗ്രൂപ്പിന്‍റെ ക്രമക്കേടുകൾ എണ്ണിപ്പറഞ്ഞുള്ള ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയിൽ കനത്ത തിരിച്ചടിയാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്.
ഒറ്റ ദിവസം ഏതാണ്ട് എഴുപത്തിനാലായിരം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ നിന്ന് അദാനി ഗ്രൂപ്പ് നേരിട്ടത്. ഓഹരി മൂല്യം ഉയർത്തി കാണിച്ച് അദാനി ഗ്രൂപ്പ് വഞ്ചന നടത്തിയെന്ന ആരോപണം അദാനി തള്ളിയെങ്കിലും അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജികളടക്കം അദാനി ഗ്രൂപ്പിനെതിരെ എത്തി.
ജനുവരി 24 ന് ഹിന്റൻബെർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അദാനി ഗ്രൂപ്പിന് വലിയ തിരിച്ചടിയാണ് നൽകിയത്. അതിന്റെ ആഘാതത്തിൽ നിന്ന് പുറത്ത് കടക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. സാമ്പത്തിക നില ഭദ്രമെന്ന് ഓഹരി നിക്ഷേപകരെ വിശ്വസിപ്പിക്കാൻ ഗ്രൂപ്പ് കമ്പനികളുടെ ബാധ്യത തീർക്കാൻ അദാനി ശ്രമിച്ചിരുന്നു.
അതിന് പിന്നാലെ അമേരിക്കയിൽ ഹിന്റൻബെർഗ് റിസർച്ചിനെതിരെ കേസ് വാദിക്കാൻ വാച്ടെൽ എന്ന കോർപറേറ്റ് അഭിഭാഷക കമ്പനിയെ സമീപിച്ചിട്ടുമുണ്ട്.