വിവാദങ്ങള്‍ക്കിടിയലും പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ ശക്തമാക്കുകയാണ് ഗൗതം അദാനി. അദാനിയും, അദാനി ഗ്രൂപ്പും ഇന്ത്യയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നിതിനിടെയാണ് പുതിയ നിയോഗം തേടിയുള്ള ഇന്ത്യന്‍ ശതകോടീശ്വരന്റെ യാത്ര.
63.4 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഗൗതം അദാനി നിലവില്‍ സമ്പത്തിന്റെ കാര്യത്തില്‍ രാജ്യത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് തൊട്ടുപിന്നിലാണ്.
അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡിന് (എഇഎസ്എല്‍) കീഴില്‍ പുതിയ ഉപകമ്പനി രൂപീകരിച്ചാണ് നിലവില്‍ അദാനി വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ട്രാന്‍സ്മിഷന്‍, ഡിസ്ട്രിബ്യൂഷന്‍, പവര്‍ സപ്ലൈ എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് പുതിയ കമ്പനി രൂപീകരണം.
അദാനി എനര്‍ജി സൊല്യൂഷന്‍സ് സ്റ്റെപ്പ്- ഇലവന്‍ ലിമിറ്റഡ് (AESSEL) എന്നാണ് പുതിയ കമ്പനിയുടെ പേര്. ഗുജറാത്തിലെ അഹമ്മദാബാദിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിലാണ് പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം 2024 ഡിസംബര്‍ 17-ന് സംയോജിപ്പിച്ച പുതിയ സ്ഥാപനം ഇതുവരെ അതിന്റെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ലെന്ന് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ വ്യക്തമാക്കി.
വൈദ്യുതിയുടെയും മറ്റ് അടിസ്ഥാന സൗകര്യ സേവനങ്ങളുടെയും പ്രക്ഷേപണം, വിതരണം എന്നിവയ്്ക്കായാണ് പുതിയ കമ്പനി രൂപപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഊര്‍ജ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കമ്പനി തീരുമാനം വ്യക്തമാക്കുന്നതാണ് നീക്കം.
ഡിസംബര്‍ 17 വരെയുള്ള കണക്കുകള്‍ പ്രകാരം 97,827 കോടി രൂപയാണ് അദാനി എനര്‍ജിയുടെ വിപണി മൂല്യം. അടുത്തിടെ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത സംഘി ഇന്‍ഡസ്ട്രീസ്, പെന്ന സിമെന്റ് എന്നിവയെ അംബുജ സിമെന്റ്സുമായി ലയിപ്പിച്ചിരുന്നു.
ഒറ്റ യൂണിറ്റില്‍ സിമെന്റ് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുകയകണ് ലക്ഷ്യം. അംബുജ സിമെന്റ്സ് അതിന്റെ അനുബന്ധ സ്ഥാപനങ്ങളായ സൗരാഷ്ട്ര ആസ്ഥാനമായുള്ള സംഘി ഇന്‍ഡസ്ട്രീസ് (എസ്‌ഐഎല്‍), ആന്ധ്രാപ്രദേശ് ആസ്ഥാനമായുള്ള പെന്ന സിമെന്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (പിസിഐഎല്‍) എന്നിവയ്ക്കായി പ്രത്യേക ക്രമീകരണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
സിമെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസിസി ലിമിറ്റഡും നിലവില്‍ അദാനിക്കു സ്വന്തമാണ്. അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ ശക്തിയായി മാറികൊണ്ടിരിക്കുന്ന അദാനി ഗ്രൂപ്പിനെ സംബന്ധിച്ച് സിമെന്റ് പോര്‍ട്ട്‌ഫോളിയോ വര്‍ധിച്ച നേട്ടമാകും.
ലയനം ആവശ്യമായ അനുമതികള്‍ക്ക് വിധേയമാണെന്നും, ഇടപാട് 9 -12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു. സംഘി ഇന്‍ഡസ്ട്രീസിന്റെ പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 58.08 ശതമാനം അംബുജ സിമെന്റ്സിനാണ്. 2023 ഡിസംബറിലായിരുന്നു ഈ ഏറ്റെടുക്കല്‍.