കൊച്ചി: രാജ്യത്തെ ജെം ആൻഡ് ജ്വല്ലറി കയറ്റുമതിയിൽ 15 ശതമാനം കുറഞ്ഞുവെന്ന് റിപ്പോർട്ട്.
25,843.84 കോടിയുടെ കയറ്റുമതിയാണ് ഒക്ടോബറിൽ ഈ മേഖലയിൽ നടന്നതെന്ന് ജെം ആൻഡ് ജുവലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ (ജി.ജെ.ഇ.പി.സി) കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷം ഇതേ കാലയളവിൽ കയറ്റുമതി 30274.64 കോടി ആയിരുന്നു.
ഒക്ടോബറിലെ കയറ്റുമതിയിൽ കാര്യമായ ഇടിവ് വന്നെങ്കിലും 2022-23 സാമ്പത്തിക വർഷത്തെ ആദ്യ ആറുമാസക്കാലയളവിലെ കയറ്റുമതിയിലെ മികച്ച പ്രകടനം ഇക്കാലയളവിലെ മൊത്തം വളർച്ചാ നിരക്കിനെ ബാധിച്ചില്ലെന്ന് കൗൺസിൽ വിലയിരുത്തുന്നു.
ഒക്ടോബർ, നവംബർ മാസങ്ങളിലെ കയറ്റുമതിയിലെ ഇടിവ് സീസണൽ ട്രെൻഡാണെന്നും ദീപാവലി സീസണിൽ ഉത്പാദനം കുത്തനെ കുറയുന്നതിനാലും നിർമാണ യൂണിറ്റുകൾ അടഞ്ഞു കിടക്കുന്നതിനാലുമാണിതെന്നാണ് റിപ്പോർട്ടിൽ പറയുന്നു.
‘ദീപാവലിക്കാലത്ത് യൂണിറ്റുകൾ താത്കാലികമായി അടഞ്ഞുകിടക്കും. മാത്രമല്ല, തൊഴിലാളികൾ ഇക്കാലയളവിൽ അവധിയിലായിരിക്കും”. ജി.ജെ.ഇ.പി.സി ചെയർമാൻ വിപുൽ ഷാ പറഞ്ഞു.
പാശ്ചാത്യ നാടുകളിലും ചൈനയിലും അവധിക്കാലമെത്തുന്നതിനാൽ നവംബർ -ഡിസംബർ മാസങ്ങളിൽ കയറ്റുമതിയിൽ ഉയർച്ചയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.