ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ജെന്‍ റോബോട്ടിക്സ് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍പുറത്തിറക്കി

  • പക്ഷാഘാത രോഗികളെ വേഗത്തില്‍ സുഖപ്പെടുത്താന്‍ ‘ജി-ഗെയ്റ്റര്‍’ റോബോട്ട്

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) പിന്തുണയുള്ള റോബോട്ടിക് സ്റ്റാര്‍ട്ടപ്പായ ജെന്‍ റോബോട്ടിക്സിന്‍റെ പക്ഷാഘാത രോഗികള്‍ക്കു സഹായകമാകുന്ന  ‘ജി-ഗെയ്റ്റര്‍’ (അഡ്വാന്‍സ്ഡ് ഗെയ്റ്റ് ട്രെയിനിംഗ് റോബോട്ട്) പുറത്തിറക്കി. ടെക്നോപാര്‍ക്കിലെ സി-ഡാക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യതിഥിയായിരുന്ന സോഹോ കോര്‍പ്പറേഷന്‍ സിഇഒ ശ്രീധര്‍ വെമ്പുവാണ് റോബോട്ടിക് ഗെയ്റ്റ് ട്രെയിനറായ ജി-ഗെയ്റ്റര്‍ പുറത്തിറക്കിയത്.  

ആരോഗ്യ, കുടുംബക്ഷേമ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി  വീണാ ജോര്‍ജ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ജി-ഗെയ്റ്ററിനു ആശംസ അറിയിച്ചു. ആഗോളതലത്തില്‍ ഏകദേശം 15 ദശലക്ഷം ആളുകള്‍ക്ക് പ്രതിവര്‍ഷം പക്ഷാഘാതം സംഭവിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.  കേരളത്തിലടക്കം ഇന്ത്യയിലാകെ പക്ഷാഘാതം സംഭവിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പക്ഷാഘാതം വന്ന ആളുകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതില്‍ വിപ്ലവകരമായ മാറ്റം വരുത്താന്‍ ജി-ഗെയ്റ്ററിനു കഴിയുമെന്നും മന്ത്രി പറഞ്ഞു. പക്ഷാഘാതം വന്നു കഴിഞ്ഞാലുള്ള ഗോള്‍ഡന്‍ അവര്‍ വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്ത പ്രധാന വിഷയങ്ങളിലൊന്ന് പക്ഷാഘാതവുമായി ബന്ധപ്പെട്ടതാണ്. ചികിത്സാ സൗകര്യങ്ങള്‍ വികേന്ദ്രീകരിക്കുന്നതിനായി 14 ജില്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സ്ട്രോക്ക് സ്റ്റെബിലൈസേഷന്‍ യൂണിറ്റും സ്ട്രോക്ക് ചികിത്സാ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ന്യൂറോ ഡിപ്പാര്‍ട്ട്മെന്‍റുമായി സഹകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രാജ്യത്തെ ആദ്യത്തെ സ്ട്രോക്ക് രജിസ്ട്രി സെന്‍റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു പ്രത്യേക കാത്ത് ലാബും ഐസിയുവും ഇതിന്‍റെ ഭാഗമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സൗകര്യങ്ങള്‍ക്കൊപ്പം രോഗത്തെ പ്രതിരോധിക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കേരള സര്‍ക്കാര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി രത്തന്‍ യു കേല്‍ക്കര്‍, കെഎസ് യുഎം സിഇഒ അനൂപ് അംബിക, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ജെന്‍ റോബോട്ടിക്സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിമല്‍ ഗോവിന്ദ് എം കെ, ജെന്‍ റോബോട്ടിക്സ് സഹസ്ഥാപകനും ഡയറക്ടറുമായ റഷീദ് കെ എന്നിവരും സന്നിഹിതരായിരുന്നു.

മസ്തിഷ്ഘാതം, തളര്‍വാതം, അപകടം മൂലം നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, സെറിബ്രല്‍ പാഴ്സി എന്നിവയാല്‍ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി നടത്തം പരിശീലിപ്പിക്കുന്ന റോബോട്ടാണിത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി ഉള്‍പ്പെടെ സംസ്ഥാനത്തെ നാലു ആശുപത്രികളില്‍ ജി-ഗെയ്റ്റര്‍ റോബോട്ട് ആദ്യഘട്ടത്തില്‍ ലഭ്യമാക്കും.

ജെന്‍ റോബോട്ടിക്സ് സ്റ്റാര്‍ട്ടപ്പ് മെഡിക്കല്‍ റീഹാബിലിറ്റേഷന്‍ ഉപകരണങ്ങളുടെ നിര്‍മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നത് ജി-ഗായ്റ്ററിലൂടെയാണ്. മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനുള്ള ആദ്യ റോബോട്ടായ  ‘ബന്‍ഡികൂട്ട്’ നിര്‍മിച്ചാണ് ജെന്‍ റോബോട്ടിക്സ് ശ്രദ്ധ നേടിയത്. ഇപ്പോള്‍ രാജ്യത്തെ പല നഗരസഭകളിലും ബന്‍ഡികൂട്ട് റോബോട്ട് പ്രചാരത്തിലുണ്ട്. പൂര്‍ണമായി തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മിച്ച ജി-ഗെയ്റ്ററിന് പേറ്റന്‍റും ലഭിച്ചിട്ടുണ്ട്. സമാന ഉപകരണങ്ങള്‍ക്കു വിദേശത്ത് 8 കോടിയിലധികം രൂപ വിലയുള്ളപ്പോള്‍ ഒന്നരക്കോടി രൂപയ്ക്ക് കേരളത്തിലെ ആശുപത്രികളില്‍ ലഭ്യമാക്കാമെന്നാണു ജി-ഗെയ്റ്റര്‍ നിര്‍മാതാക്കളുടെ പ്രതീക്ഷ. ആശുപത്രികളിലെ ഫിസിക്കല്‍ മെഡിക്കല്‍ റീഹാബിലിറ്റേഷന്‍ കേന്ദ്രങ്ങള്‍, മറ്റ് ഫിസിയോതെറാപ്പി കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജി-ഗെയ്റ്റര്‍ റോബോട്ടുകള്‍ ലഭ്യമാകും.

അപകടത്തിലോ നാഡീ തകരാര്‍ കാരണമോ തളര്‍ന്നു കിടപ്പിലായവരുടെയും നടക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നവരുടെയും ശാരീരിക ചലനങ്ങള്‍ ക്രമമായി മെച്ചപ്പെടുത്തുകയാണ് ജി-ഗായ്റ്ററിന്‍റെ ഉദ്ദേശമെന്ന് ജെന്‍ റോബോട്ടിക്സിന്‍റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അഫ്സല്‍ മുട്ടിക്കല്‍ പറഞ്ഞു. എളുപ്പത്തിലും കാര്യക്ഷമമായും നടത്തം പരിശീലിപ്പിക്കാന്‍ ജി- ഗെയ്റ്ററിനു കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

X
Top