
ന്യൂഡല്‍ഹി: ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-20 ഉടൻ വിക്ഷേപണത്തിന്. ജിസാറ്റ്-എൻ2 എന്ന പേരിലും അറിയപ്പെടുന്ന ഉപഗ്രഹം ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് ഫാല്‍കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം നടത്തുക.
യു.എസിലെ കേപ് കാനവറിലെ വിക്ഷേപണത്തറയില്‍നിന്നാണ് ഇന്ത്യയുടെ ഉപഗ്രഹവുമായി ഫാല്‍കണ്‍ 9 പറന്നുയരുക.
ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ.) നിർമിച്ച ഉപഗ്രഹത്തിന്റെ ഭാരം 4,700 കിലോഗ്രാമാണ്. ഐ.എസ്.ആർ.ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എല്‍.വി.എം-3യുടെ പരമാവധി വാഹകശേഷിയേക്കാള്‍ കൂടുതലാണ് ഈ ഭാരം. അതിനാലാണ് വിക്ഷേപണത്തിന് സ്പേസ് എക്സിന്റെ സഹായം തേടുന്നത്.
ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങള്‍ നല്‍കാൻ ജിസാറ്റ്-20 സഹായിക്കും. ഐഎസ്‌ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും സ്പേസ് എക്സും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ജിസാറ്റ്-20 വിക്ഷേപണത്തിനായി ഫാല്‍ക്കണ്‍-9 ഉപയോഗിക്കുന്നത്.
ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും. ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. വിമാനങ്ങള്‍ക്കുള്ളില്‍ ഇന്റർനെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായിക്കും.