ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഓഹരി വില തുടര്‍ച്ചയായ നാലാം ദിവസവും നേട്ടമുണ്ടാക്കി. 1.5 ശതമാനം ഉയര്‍ന്ന് 2,670 രൂപയിലാണ് സെപ്തംബര്‍ 22 ന് ഓഹരിയുള്ളത്. വിതരണ ശൃംഖലകള്‍ വര്‍ധിപ്പിച്ചും മാര്‍ക്കറ്റിംഗ് കാമ്പെയ്‌നുകളില്‍ നിക്ഷേപിച്ചും പുതിയ പായ്ക്കുകള്‍ നിരത്തിയും പ്രതീക്ഷയോടെയാണ് എഫ്എംസിജി കമ്പനികള്‍ ഉത്സവ സീസണെ വരവേല്‍ക്കുന്നത്.
ഇത് ഓഹരിവിപണിയിലും പ്രതിഫലിക്കുന്നു. ഈ കാലയളവില്‍ ഗ്രാമീണ ഡിമാന്‍ഡ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷ. ബിസോമിന്റെ സമീപകാല റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയുടെ എഫ്എംസിജി വിപണി മൂല്യം ഓഗസ്റ്റില്‍ 6ശതമാനം വര്‍ധിച്ചു.
തുടര്‍ച്ചയായ മൂന്നുമാസം തകര്‍ച്ച നേരിട്ടതിനുശേഷമായിരുന്നു ഈ തിരിച്ചുകയറ്റം. ആഗോള ബ്രോക്കറേജ് സ്ഥാപനമായ നൊമൂറ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സ്റ്റോക്കിന് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2,975 രൂപയാണ് അവര്‍ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്.
ഉത്പാദന ചെലവ് കുറയുന്നത് മാര്‍ജിന്‍ വര്‍ധിപ്പിക്കുമെന്ന് നൊമൂറ പറയുന്നു. മറ്റൊരു ആഗോള ബ്രോക്കറേജ് സ്ഥാപനമായ മക്വാറി 3000 രൂപ ലക്ഷ്യവിലയോടുകൂടിയ ഔട്ട്‌പെര്‍ഫോം റേറ്റിംഗാണ് നല്‍കുന്നത്. വിപണിയെ മറികടന്നുള്ള പ്രകടനം അവര്‍ സ്റ്റോക്കില്‍ നിന്നും പ്രതീക്ഷിക്കുന്നു.
ഡിമാന്റ് ശക്തമാകുന്നത് ഗുണം ചെയ്യും. എന്നാല്‍ മാര്‍ജിന്‍ കുറയുന്നത് ദോഷം ചെയ്യും, മക്വാറി റിപ്പോര്‍ട്ടില്‍ പറഞ്ഞു. എഫ്എംസിജി പോര്‍ട്ട്‌ഫോളിയോയില്‍ 80 ശതമാനം കൈകാര്യം ചെയ്യുന്ന ഹിന്ദുസ്ഥാന്‍ യൂണിലവര്‍ വളര്‍ച്ച വര്‍ധിപ്പിക്കുമെന്ന് ഷെയര്‍ഖാന്‍ വിശ്വസിക്കുന്നു.
2850 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരിവാങ്ങാനാണ് അവരുടെ നിര്‍ദ്ദേശം.