
ഇന്ത്യ മാസങ്ങളായി ആസആദിച്ചു പോന്ന എണ്ണവിലയിടിവ് അധികം വൈകാതെ അവസാനിച്ചേക്കും! രാജ്യത്ത് പെട്രോൾ- ഡീസൽ വിലക്കുറവ് ചർച്ചയാകുന്നതിനിടെയാണ് ആഗോള വിപണിയിൽ(Global Market) എണ്ണവില വീണ്ടും ഉയരുന്നത്.
മാസങ്ങൾക്കു ശേഷം ക്രൂഡ് വില(Crude Price) വീണ്ടും 75 ഡോളർ പിന്നിട്ടിരിക്കുകയാണ്. ഡിമാൻഡ് അനശ്ചിതത്വം ശക്തമായി തുടരുന്നുവെങ്കിലും, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ എണ്ണയെ വലയ്ക്കുന്നു.
ഇസ്രായേൽ- ഹമാസ് പോര് നാൾക്കുനാൾ മുറുകുന്നത് ഒരു പ്രധാന പ്രശ്‌നമാണ്. ഇതിനിടെ ഗൾഫ് ഓഫ് മെക്‌സികോ ഉൽപ്പാദനത്തിൽ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി ഉയർത്തിയതാണ് നിലവിലെ വില കുതിപ്പിന് കാരണം.
തുടർച്ചയായുണ്ടാകുന്ന ചുഴലിക്കാറ്റുകൾ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മിക്ക ഉൽപ്പാദകരും റിഫൈനറികൾ അടയ്ക്കുകയും, ജോലിക്കാരെ അടക്കം മാറ്റുകളും ചെയ്തു.
യുഎസ് ഫെഡ് നിരക്കു കുറയ്ക്കലിനു പിന്നാലെ ചൈന അതിന്റെ ഉത്തേജക നടപടികൾ പ്രഖ്യാപിച്ചതും, ഇസ്രായേൽ ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നതും വില വർധനയ്ക്ക് ആക്കം കൂട്ടി.
ആഗോള വിപണിയിൽ യുദ്ധ സമാന സാഹചര്യം നിലനിൽക്കുന്നു. യുഎസ് പെട്രോളിയം ഇൻവെന്ററികൾ പ്രതീക്ഷിച്ചതിലും കൂടുതൽ ഇടിഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട് (എപിഐ) പ്രകാരം സെപ്റ്റംബർ 20ന് അവസാനിച്ച ആഴ്ചയിൽ യുഎസിലെ ക്രൂഡ് ഓയിൽ ശേഖരത്തിൽ 4.339 ദശലക്ഷം ബാരലിന്റെ കുറവുണ്ടായി. എന്നാൽ വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത് 1.1 മില്യൺ ബാരലിന്റെ ഇടിവ് മാത്രമായിരുന്നു.
കഴിഞ്ഞ ആഴ്ചയിൽ, ക്രൂഡ് ഇൻവെന്ററികളിൽ 1.96 ദശലക്ഷം ബാരലിന്റെ വർധന റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം സ്ട്രാറ്റജിക് പെട്രോളിയം റിസർവിലെ (SPR) അസംസ്‌കൃത എണ്ണ ശേഖരം സെപ്റ്റംബർ 20 വരെ 1.3 ദശലക്ഷം ബാരൽ വർധിച്ചതായി ഡിപ്പാർട്ട്മെന്റ് ഓഫ് എനർജി റിപ്പോർട്ട് ചെയ്തു.
ഇൻവെന്ററികൾ ഇപ്പോൾ 381.9 ദശലക്ഷം ബാരലിലാണ്. കഴിഞ്ഞ വേനൽക്കാലത്ത് ഇത് പതിറ്റാണ്ടുകളിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയിരുന്നു.
ചൈനയുടെ ഉത്തേജന പാക്കേജ് എണ്ണ ഡിമാൻഡ് വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് എണ്ണവിപണി. അതേസമയം ഇക്കാര്യം വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ. ചുഴലിക്കാറ്റിന്റെ ഫലമായി യുഎസിൽ ഉണ്ടായ വിതരണ തടസം വളരെ പ്രധാനപ്പെട്ടതാണ്.
തുടർച്ചയായുള്ള ചുഴലിക്കാറ്റ് ഭീഷണിയാണ് വെല്ലുവിളിയാകുന്നത്. മിഡിൽ ഈസ്റ്റേൺ സംഘർഷങ്ങളെക്കുറിച്ചുള്ള ഭയവും വില ഉയർത്താൻ സഹായിച്ചു.
നിലവിൽ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 75.20 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 71.58 ഡോളറുമാണ്.