ആഗോള വിപണിയിൽ ഒരിടവേളയ്ക്കു ശേഷം എണ്ണവില വീണ്ടും 80 ഡോളറിൽ താഴെ. സീസൺ ഡിമാൻഡിനെ തുടർന്നു ആഴ്ചകൾക്കു മുമ്പ് 90 ഡോളർ പിന്നിട്ട എണ്ണവിലയാണ് വീണ്ടും ഇടിഞ്ഞത്.
കണക്കുകൾ പ്രകാരം, യുഎസിലെ ശരാശരി പെട്രോൾ വില കുറഞ്ഞു. കഴിഞ്ഞവാരം അവസാനം ഗാലന് 3.42 ഡോളർ എന്ന നിരക്കിലാണ് പെട്രോൾ വ്യാപാരം നടന്നത്. ഈ വർഷം മാർച്ചിന് ശേഷമുള്ള ഏറ്റവും വിലകുറഞ്ഞ നിരക്കാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.
യുഎസിലെ പെട്രോൾ വില വാരാന്ത്യത്തിൽ ഇനിയും കുറയുമെന്നാണ് നിഗമനം. സീസൺ ഡിമാൻഡും, അവധിക്കാലവും കഴിഞ്ഞതോടെ സ്വകാര്യ ഉപഭോഗം കുറഞ്ഞതാണ് ഇടിവിനു കാരണം. അതേസമയം യുഎസിലെ ഗ്യാസോലിൻ ഇൻവെന്ററികൾ 222.2 ദശലക്ഷം ബാരലായി കുറഞ്ഞതായി.
എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ (ഇഐഎ) പെട്രോളിയം സ്റ്റാറ്റസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഴ്ചയിൽ 2.9 ദശലക്ഷം ബാരലിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
വാരത്തെ കണക്ക്, ഒരാഴ്ച മുമ്പുള്ളതിനേക്കാൾ 2.8% കൂടുതലാണെന്ന് ഇഐഎ റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം അഞ്ച് വർഷത്തെ ശരാശരിയേക്കാൾ 3% കുറവാണ്. റിഫൈനറി ഉപയോഗം ആഴ്ചയിൽ 1 ശതമാനം ഉയർന്ന് 91.5% ആയി. ഉൽപ്പാദനം പ്രതിദിനം 9.7 ദശലക്ഷം ആയി കുറഞ്ഞു. ആഴ്ചയിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ മൊത്തത്തിൽ വിനിയോഗം ഉയർന്നപ്പോൾ, ഈസ്റ്റ് കോസ്റ്റ്, മിഡ്വെസ്റ്റ് മേഖലകളിൽ ഇത് കുറഞ്ഞു.
അതേസമയം ആഗോള വിപണിയിലെ എണ്ണവിലയിടിവ് റഷ്യൻ എണ്ണയുടെ രൂപത്തിൽ ഇന്ത്യ മുതലെടുക്കുന്നുവെന്നാണ് മറ്റു ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ക്രൂഡ് വില 80 ഡോളറിൽ താഴെയെത്തിയതോടെ റഷ്യൻ എണ്ണ ഏറെ ആകർഷകമായി.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ, ജൂലൈയിൽ റഷ്യയുടെ രണ്ടാം നമ്പർ ക്രൂഡ് വാങ്ങലുകരായി മാറിയെന്ന് സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയറിന്റെ റിപ്പോർട്ട് വ്യക്തമാക്കൃന്നു.
കഴിഞ്ഞ മാസം ഇന്ത്യ റഷ്യയിൽ നിന്ന് 2.8 ബില്യൺ ഡോളർ മൂല്യമുള്ള ക്രൂഡ് ഇറക്കുമതി ചെയ്തു. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഫോസിൽ ഇന്ധന ഇറക്കുമതിയുടെ ഏകദേശം 80% ക്രൂഡ് ഓയിലായിരുന്നു.
ജൂലൈയിൽ റഷ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 47% ചൈനയിലേയ്ക്കായിരുന്നു. ഇന്ത്യ (37%), യൂറോപ്യൻ യൂണിയൻ (7%), തുർക്കി (6%) എന്നിങ്ങനെ നീളുന്ന ഈ ലിസ്റ്റ്. റഷ്യയുടെ കൽക്കരി കയറ്റുമതിയുടെ 18% ഇന്ത്യയിലേയ്ക്കാണ്. റഷ്യ കയറ്റുമതി ചെയ്യുന്ന കൽക്കരിയുടെ 45% വാങ്ങിയ ചൈനയാണ് ഇവിടെയും ഒന്നാം സ്ഥാനത്ത്.
യുക്രൈൻ അധിനിവേശത്തെ തുടർന്നു വൻ ഉപരോധങ്ങൾ നേരിടുന്ന റഷ്യയുടെ പ്രധാന വ്യാപാര പങ്കാളികളാണ് ഇന്ന് ഇന്ത്യയും, ചൈനയും. റഷ്യയുമായി ദീർഘകാല വിതരണ കരാറുകളിൽ ഒപ്പിടാൻ നോക്കുകയാണ് ഇന്ത്യ.
റഷ്യൻ എണ്ണയുടെ ദീർഘകാല വിതരണത്തിനായി റഷ്യയുമായി സാധ്യതയുള്ള കരാറിന്റെ നിബന്ധനകൾ ചർച്ച ചെയ്യാൻ ഇന്ത്യൻ റിഫൈനറികൾ സംയുക്തമായി ചർച്ച ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയുടെ വർധിച്ചുവരുന്ന് എണ്ണആവശ്യവും, ശുദ്ധീകരന ശേഷി വർധനയും കണക്കിലെടുക്കുമ്പോൾ കൂടുതൽ ക്രൂഡ് ആവശ്യമാണെന്നു വിദഗ്ധർ പറയുന്നു.
ഇന്ത്യയിലെ ചില സ്വകാര്യ റിഫൈനർമാർ ഇതോടകം റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള ദീർഘകാല കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
റഷ്യൻ എണ്ണ ഭീമനായ റോസ്നെഫ്റ്റിന് ഓഹരി പങ്കാളിത്തമുള്ള നയാര എനർജിയും, ലോകത്തിലെ ഏറ്റവും വലുതും സങ്കീർണ്ണവുമായ സിംഗിൾ-സൈറ്റ് റിഫൈനറിയായ ഇന്ത്യയിലെ ജാംനഗർ റിഫൈനറി നടത്തുന്ന റിലയൻസ് ഇൻഡസ്ട്രീസും ഇതിൽ ഉൾപ്പെടുന്നു.
തുടർച്ചയായ രണ്ടാം സാമ്പത്തിക വർഷവും ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് വിതരണക്കാരിൽ ഒന്ന് റഷ്യയായിരുന്നു. ആഗോള എണ്ണവിലയിലും താഴ്ന്ന നിരക്കിൽ റഷ്യൻ ക്രൂഡ് ലഭിക്കുന്നുവെന്നതു തന്നെയാണ് ഇതിനു കാരണം.
കൂടാതെ ഒപെക്കിന്റെ ഉൽപ്പാദന നിയന്ത്രണങ്ങൾ പലപ്പോഴും ഇന്ത്യയുടെ ഉയർന്ന ഡിമാൻഡിനെ ഹനിക്കുന്നു. നിലവിൽ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 79.56 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 76.56 ഡോളറുമാണ്.