
ന്യൂഡല്‍ഹി: കരുതലുള്ള സമീപനം ക്രിപ്‌റ്റോകറന്‍സി തകര്‍ച്ചയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ഇന്ത്യയെ സഹായിച്ചതായി റിപ്പോര്‍ട്ട്. ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് 30 ശതമാനം നികുതിയും 1 ശതമാനം ടാക്‌സ് ഡിഡക്ടഡ് അറ്റ് സോഴ്‌സും ചുമത്തിയ സര്‍ക്കാര്‍ നടപടിയാണ് ആഘാതം കുറയ്ക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ഇതോടെ ഒരു പറ്റം നിക്ഷേപകര്‍ ക്രിപ്‌റ്റോയെ കൈയ്യൊഴികയായിരുന്നു.
ബഹമാസ് ആസ്ഥാനമായ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ച് എഫ്ടിഎക്‌സ് പാപ്പര്‍ ഹര്‍ജി നല്‍കിയതോടെയാണ് ആഗോള ക്രിപ്‌റ്റോ വിപണി കൂപ്പുകുത്തിയത്. എഫ്ടിഎക്‌സ് സഹ സ്ഥാപകന്‍ സാം ബാങ്ക്മാന്‍ ഫ്രൈഡിന്റെ 16 ബില്യണ്‍ ഡോളറോളം നഷ്ടപ്പെടുത്തിയ തകര്‍ച്ച ഏതാണ്ട് എല്ലാ ക്രിപ്‌റ്റോകറന്‍സികളേയും ബാധിച്ചു.
ആഗോള ക്രിപ്‌റ്റോകറന്‍സി മൂല്യം 900 ബില്യണിലും താഴെയായപ്പോള്‍ ബിറ്റ്‌കോയിന്‍,എഥേരിയം എന്നിവ രണ്ട് വര്‍ഷത്തെ താഴ്ചയിലാണുള്ളത്. ക്രിപ്‌റ്റോകറന്‍സിയ്‌ക്കെതിരെ കടുത്ത നിലപാടാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തുടരുന്നത്.
ക്രിപ്‌റ്റോകറന്‍സികള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്നും അതിനെതിരെ കരുതലെടുക്കണമെന്നും ആര്‍ബിഐ കേന്ദ്രസര്‍ക്കാറിനെ ഉപദേശിച്ചിരുന്നു. തുടര്‍ന്ന് കനത്ത നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായി. മാത്രമല്ല, വസീറെക്‌സ് ഉള്‍പ്പടെയുള്ള പ്രമുഖ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ നിലവില്‍ വന്നു.
വസീറെക്‌സില്‍ നടത്തിയ റെയ്ഡില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് 64.7 കോടി രൂപ കണ്ടെടുത്തിയിരുന്നു. നിലവില്‍ പ്രമുഖ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളുടെ സ്ഥാപകരും എക്‌സിക്യുട്ടീവുകളും പ്രവര്‍ത്തനവും താമസവും ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് മാറ്റിയിരിക്കയാണ്.