
കൊച്ചി: ഇന്ത്യയിൽ കമ്പ്യൂട്ടറുകൾ നിർമ്മിക്കാൻ ആഗോള മേഖലയിലെ വമ്പൻമാർ ഉൾപ്പെടെ 27 കമ്പനികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി.
കേന്ദ്ര സർക്കാർ ഈയിടെ പ്രഖ്യാപിച്ച ഐ.ടി ഹാർഡ്‌വെയർ ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം തുടങ്ങാൻ അനുമതി നൽകിയതെന്ന് ഐ. ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ലോകത്തിലെ മുൻനിര ഇലക്ട്രോണിക്സ് കമ്പനികളായ ഡെൽ, ഫോക്സ്കോൺ, എച്ച്. പി, ലെനോവ തുടങ്ങിയ കമ്പനികൾ പദ്ധതിയുടെ കീഴിൽ ഉടൻ നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ. ടി അനുബന്ധ ഹാർഡ്‌വെയർ ഉത്പന്നങ്ങൾ നിർമിക്കാൻ 27 കമ്പനികൾ ചേർന്ന് 3,000 കോടി രൂപയുടെ നിക്ഷേപം നടത്തും.
കേന്ദ്ര സർക്കാരിന്റെ പുതിയ നിക്ഷേപ പ്രോത്സാഹന പദ്ധതിയായ ഉത്പാദന ബന്ധിത ഇൻസെന്റീവ് സ്ക്കീമിലൂടെ ഈ മേഖലയിൽ നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് 17,000 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് ലഭ്യമാക്കുന്നത്.
ഉത്പാദനം പൂർത്തിയാകുമ്പോൾ മാത്രമേ പദ്ധതിയുടെ ആനുകൂല്യം നിക്ഷേപകർക്ക് ലഭ്യമാകൂവെന്നതാണ് ഇതിന്റെ പ്രത്യേകത. ആഭ്യന്തര വിപണിയിൽ ഉത്പാദനം മെച്ചപ്പെടുത്താൻ കഴിഞ്ഞ ദിവസങ്ങളിൽ ലാപ്പ്ടോപ്പും കമ്പ്യൂട്ടറും ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
പദ്ധതി കാലയളവിൽ 4.65 ലക്ഷം കോടി രൂപയുടെ പേഴ്സണൽ കമ്പ്യൂട്ടറുകൾ, ലാപ്പ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സെർവറുകൾ, മറ്റ് അനുബന്ധ ഉത്പന്നങ്ങൾ എന്നിവ ആഭ്യന്തരമായി നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.
ഐ. ടി ഹാർഡ്‌വെയർ നിക്ഷേപ പദ്ധതിയിലൂടെ രണ്ടു ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇതിൽ 50,000 പേർക്ക് നേരിട്ടും ഒന്നര ലക്ഷം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.