മുംബൈ: വിദേശ നിക്ഷേപകര്‍ ഒക്ടോബര്‍ ആദ്യം മുതല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നുണ്ടെങ്കിലും ഈ തുക മുഴുവന്‍ ഇന്ത്യക്ക് പുറത്തേക്ക് ഒഴുകുകയല്ല ചെയ്യുന്നത്.
മികച്ച വരുമാനം ലഭിക്കുന്നതിനായി ഐപിഒകളില്‍ അവ ഗണ്യമായ നിക്ഷേപം നടത്തുന്നുണ്ട്. ഐപിഒകളും മുന്‍ഗണനാ ഓഹരി വില്‍പ്പനയും ഉള്‍പ്പെടെയുള്ള പ്രാഥമിക വിപണിയിലെ വിദേശ നിക്ഷേപകരുടെ നിക്ഷേപങ്ങള്‍ 2021ലെ റെക്കോര്‍ഡിനെ മറികടന്ന് ഈ വര്‍ഷം 1,150 കോടി ഡോളറിലെത്തി.
അതേസമയം സെന്‍സെക്‌സിനെയും നിഫ്‌റ്റിയെയും തിരുത്തലിലേക്ക് നയിച്ചുകൊണ്ട് ആഗോള ഫണ്ടുകള്‍ ദ്വിതീയ വിപണിയില്‍ 1300 കോടി ഡോളറിന്റെ വില്‍പ്പന നടത്തുകയും ചെയ്‌തു.
ഈ വര്‍ഷം ഐപിഒകളില്‍ നിന്നും പ്രാഥമിക ഓഹരി വില്‍പ്പനയില്‍ നിന്നും കമ്പനികള്‍ റെക്കോര്‍ഡ് തുകയായ 2840 കോടി ഡോളര്‍ സമാഹരിക്കുകയുണ്ടായി. 2023ല്‍ സമാഹരിച്ച മൂലധനത്തിന്റെ ഇരട്ടിയിലേറെയാണ് ഇത്.
ലിസ്റ്റിംഗിനു ശേഷവും ചില ഓഹരികള്‍ മികച്ച മുന്നേറ്റമാണ് നടത്തിയത്. ഈ വര്‍ഷം ഐപിഒകള്‍ ആദ്യ ട്രേഡിംഗ് ദിവസത്തില്‍ തന്നെ ശരാശരി 24 ശതമാനത്തോളം നേട്ടമാണ് നല്‍കിയത്. അതേ സമയം ചില ഐപിഒകളുടെ പ്രകടനം മോശമായതിനൊപ്പം ചില്ലറ നിക്ഷേപകരെയും സ്ഥാപന ഇതര നിക്ഷേപകരെയും ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്‌തു.
ഇന്ത്യ വിപണി കണ്ട ഏറ്റവും വലിയ ഐപിഒ ആയ ഹ്യുണ്ടായി മോട്ടോറിന് പ്രാഥമിക വിപണിയില്‍ ചില്ലറ നിക്ഷേപകരില്‍ നിന്നും മതിയായ സബ്‌സ്‌ക്രിപ്‌ഷന്‍ ലഭിച്ചില്ല. ഈ ഓഹരി നഷ്‌ടത്തിലാണ് ലിസ്റ്റ് ചെയ്‌തത്. ലിസ്റ്റിംഗിനു ശേഷവും ഇടിവ് തുടരുന്നു.
ഓല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ഓഹരി വില ഓഗസ്റ്റ് ആദ്യത്തില്‍ ലിസ്‌റ്റ് ചെയ്‌തതിനു ശേഷമുള്ള ആദ്യത്തെ ആറ് വ്യാപാര ദിനങ്ങള്‍ക്കുള്ളില്‍ ഏകദേശം ഇരട്ടിയായി ഉയര്‍ന്നെങ്കിലും ഐപിഒ വിലയ്‌ക്ക് താഴെയായാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.
നിഫ്‌റ്റി സെപ്‌റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നും 10 ശതമാനത്തിലേറെയാണ് ഇടിവ് നേരിട്ടത്. തിരുത്തലിനു ശേഷവും ലോകത്തെ ഏറ്റവും ചെലവേറിയ വിപണികളിലൊന്നായി ഇന്ത്യ തുടരുകയാണ്.