ഇത്തവണ ശിശിരം കനക്കുമെന്ന പ്രവചനവും വികസിത രാജ്യങ്ങളില്‍ പലതും ചൂടിനായി ആശ്രയിക്കുകയും ചെയ്യുന്നതിനാല്‍ പ്രകൃതി വാതക വില നവംബറില്‍ 25 ശതമാനം ഉയർന്നു. ഏഷ്യയിലേയും യൂറോപ്പിലേയും പ്രധാന വിപണികളിലെ വിലകളില്‍ വ്യതിയാനമുണ്ടായി.
തണുപ്പു കാലത്തിന്റെ വരവോടെ യൂറോപ്പിലേയും ഏഷ്യയിലേയും അതിവേഗം കുറയുന്ന പ്രകൃതി വാതക സംഭരണികള്‍ വീണ്ടും നിറയ്ക്കുന്നതിനാലാണ് സമീപകാലയളവില്‍ വിലയില്‍ കുതിപ്പുണ്ടായത്.
ചൈന, ജപ്പാൻ, യൂറോപ്പ് തുടങ്ങിയ പ്രധാന പ്രകൃതി വാതക വിപണികളില്‍ തണുപ്പ് ഇക്കുറി ദീർഘകാല ശരാശരിയേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് അനുമാനം. പ്രകൃതി വാതകം ഉപയോഗിച്ചു ചൂടു പകരാനുള്ള യന്ത്രങ്ങളുടെ പ്രവർത്തനം കൂടുന്നതിനാല്‍ വില ഇനിയും കുതിക്കാനാണ് സാധ്യത.
അതേ സമയം, യുഎസില്‍ വൻതോതില്‍ സംഭരണം നടത്തുന്നതിനാല്‍ വിലയിലെ സമ്മർദം തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉത്പാദകരും ഉപഭോക്താക്കളുമായ യുഎസിന്റെ ഉത്പാദനം ഉപഭോഗത്തേക്കാള്‍ 13 ശതമാനത്തോളം കൂടുതലാണ്.
ൗർജ വിവര ദാതാക്കളുടെ കണക്കനുസരിച്ച് 2016നു ശേഷം യുഎസിലെ പ്രകൃതി വാതക സംഭരണം ഏറ്റവും ഉയർന്ന നിലയിലാണ്. 5 വർഷ ശരാശിയേക്കാള്‍ 6 ശതമാനം അധികമാണിത്.
പിന്നിട്ട ഏതാനും വർഷങ്ങളായി ലോക വ്യാപാര സൂചികയില്‍ പ്രകൃതി വാതക വില താഴ്ന്ന നിലയിലായിരുന്നു. എംഎംബിടിയുവിന് 1.40 ഡോളറിനും 3.65 ഡോളറിനും ഇടയിലായിരുന്നു വില. സപ്ളെ-ഡിമാന്റ് ബലതന്ത്രത്തിലെ സങ്കീർണ്ണതകളായിരുന്നു ഇതിനുപിന്നില്‍.
2024 മാർച്ചില്‍ വില നാലു വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയെങ്കിലും പിന്നീട് ഉയർന്നു. ഡിമാന്റ് കുറവും കൂടിയ ഉത്പാദനവുമായിരുന്നു കാരണം. മുംബൈ കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ മാർച്ചില്‍ വില 128.50 രൂപയില്‍ എത്തിയെങ്കിലും നവംബറോടെ 297 രൂപയായി ഉയർന്നു.
പ്രധാന ഉപയോക്താക്കളായ യുഎസ്, യൂറോ മേഖലകളിലെ ആവശ്യം കുറഞ്ഞതും യൂറോപ്പില്‍ വ്യാവസായിക രംഗം വേഗക്കുറവ് നേരിടുകയും റെക്കോഡ് ഉത്പാദനം കൈവരിക്കയും യുഎസില്‍ നിന്നു കയറ്റുമതി കുറയുകയും ചെയ്തതും വിലയെ ബാധിച്ചു.
കാലാവസ്ഥാ വ്യതിയാനം പ്രകൃതി വാതക ഡിമാന്റിനെ കാര്യമായി ബാധിക്കാറുണ്ട്. യൂറോപ്പിലും അമേരിക്കയിലും സാധാരണയേക്കാള്‍ കൂടിയ ഉഷ്ണ നിലവാരം രേഖപ്പെടുത്തിയ കഴിഞ്ഞ വർഷത്തെ സീസണ്‍ പാരമ്മ്യത്തില്‍, ഉപയോഗം കാര്യമായി കുറഞ്ഞിരുന്നു.
ഇത്തവണ യുഎസിലും യൂറോപ്പിലും തണുപ്പു കൂടുമെന്ന പ്രവചനം ചൂടാക്കാനുള്ള ആവശ്യം വർധിപ്പിക്കാനും അതു വഴി വിലകള്‍ വർധിയ്ക്കാനും ഇടയാക്കിയിട്ടുണ്ട്.
ഊർജ കാര്യക്ഷമത വർധിക്കുകയും ഊർജത്തിന്റെ പുനരുത്പാദനം കൂടുകയും റഷ്യൻ വാതക ആശ്രയത്വം കുറയുകയും ചെയ്തത് യൂറോപ്യൻ പ്രകൃതി വാതക ഡിമാന്റ് കുറയാനിടയാക്കി. നിലവിലെ കണക്കുകളനുസരിച്ച് യൂറോപ്പിന്റെ പ്രതിവർഷ പ്രകൃതി വാതക ഡിമാന്റ് 330 ബില്യണ്‍ ക്യുബിക് മീറ്ററാണ്.
എന്നാല്‍, അന്തർദേശീയ ഊർജ ഏജൻസിയുടെ കണക്കുകള്‍ പ്രകാരം 2024ല്‍ ആഗോള പ്രകൃതി വാതക ഡിമാന്റ് കഴിഞ്ഞ 2 വർഷത്തേക്കാള്‍ കൂടിയിരിക്കയാണ്. 2024ല്‍ ഡിമാന്റ് 2.5 ശതമാനത്തിലധികം വർധിച്ചു. അടുത്ത വർഷവും ഇതേ വർധന പ്രതീക്ഷിക്കുന്നുണ്ട്.
അതിവേഗം വളരുന്ന ഏഷ്യൻ വിപണികളും യൂറോപ്പിലെ വ്യാവസായിക വാതക ഡിമാന്റില്‍ വീണ്ടെടുപ്പിനുള്ള സാധ്യതയും വളർച്ചയ്ക്കു താങ്ങാകും. 2024ല്‍ വാതകത്തിന്റെ പുതിയ ഉത്പാദന മേഖലകള്‍ തുറക്കപ്പെടുകയില്ലെന്നാണ് അന്തർ ദേശീയ ഊർജ ഏജൻസി കരുതുന്നത്.
ഉത്പാദന വർധനയിലെ വേഗക്കുറവും നിലവിലെ ആഗോള സംഘർഷങ്ങളും വിലയില്‍ അസ്ഥിരത വർധിക്കാൻ ഇടയാക്കിയേക്കാം.