ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ നേരിയ വർധന. ഒപെക്ക് പ്ലസ് ഉൽപ്പാദനം ഉയർത്തില്ലെന്നു വ്യക്തമായതോടെ വിപണികളിലേയ്ക്കുള്ള എണ്ണയുടെ വരവും കുറഞ്ഞിട്ടുണ്ട്.
ആഗോള വിതരണം മുറുകുന്നു എന്നതിന്റെ സൂചനകൾ ശക്തമായതാണ് വിലയിൽ പ്രതിഫലിച്ചത്. നിലവിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 72.13 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 68.42 ഡോളറുമാണ്.
ഡോളറിനെതിരേ രൂപ ചരിത്ര താഴ്ചകളിൽ തുടരുന്ന സമയത്ത് എണ്ണവിലയിലെ നേരിയ വർധന പോലും ഇന്ത്യയ്ക്കു തിരിച്ചടിയാണ്. രാജ്യത്ത് പണപ്പെരുപ്പം വർധിക്കുന്നുവെന്ന പുതിയ റിപ്പോർട്ടു കൂടി കണക്കിലെടുക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായേക്കും.
ഓയിൽ മാർക്കറ്റ് റിപ്പോർട്ടിന്റെ ഏറ്റവും പുതിയ പതിപ്പ് ഈ വർഷം ആഗോള എണ്ണ ആവശ്യം പ്രതിദിനം 1.82 ദശലക്ഷം ബാരൽ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മുൻ ഡിമാൻഡ് വളർച്ചാ എസ്റ്റിമേറ്റിനേക്കാൾ 1.93 ദശലക്ഷം ബാരൽ കുറവിനെ കാണിക്കുന്നു.
2025-ൽ എണ്ണ വിപണി ഗണ്യമായ മിച്ചത്തിലേക്ക് നീങ്ങുന്നതായി കാണപ്പെടുന്നു. കുറഞ്ഞുകൊണ്ടിരിക്കുന്ന എണ്ണ ആവശ്യകത വളർച്ച, ഇപ്പോഴും ശക്തമായ ഒപെക് ഇതര വിതരണ വളർച്ച, വർദ്ധിച്ചുവരുന്ന വിതരണം ആരംഭിക്കാനുള്ള ഒപെക്കിന്റെ അഭിലാഷം എന്നിവ ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. ചൈനയുടെ താഴ്ന്ന ആവശ്യകത തന്നെയാണ് ഇപ്പോഴും വെല്ലുവിളി.
രാജ്യത്ത് ഊർജ ആവശ്യകത വർധിച്ചുവരുന്ന സമയത്താണ് എണ്ണവില വർധന എന്നതാണ് ശ്രദ്ധേയും. എണ്ണ ഇറക്കുമതി ഇനിയും വർധിപ്പിക്കുന്നത് ഇന്ത്യയുടെ ബാലൻസ്ഷീറ്റിനെ ബാധിക്കുമെന്ന് ഉറപ്പാണ്.
രാജ്യത്ത് കൽക്കാതി ക്ഷാമവും ചർച്ചയാകുന്നു. കൽക്കരി വിഭവങ്ങളില്ലാത്ത സംസ്ഥാനങ്ങളോട് ആണവോർജ്ജ ഉൽപാദന ശേഷി വികസിപ്പിക്കുന്നത് പരിഗണിക്കാൻ സർക്കാർ നിർദേശിച്ചതായി ഊർജ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
കൽക്കരി ഉൽപ്പാദനം ഇല്ലാത്ത സംസ്ഥാനങ്ങൾ സ്വകാര്യ കമ്പനികളുമായി ചേർന്ന് ചെറിയ മോഡുലാർ റിയാക്ടറുകളിൽ നിക്ഷേപിച്ച് ഊർജ്ജ മിശ്രിതം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കാർബൺ പുറന്തള്ളൽ ഇതുവഴി കുറയ്ക്കാനും കഴിയും.
ഇന്ത്യയ്ക്ക് നിലവിൽ 8 ജിഗാവാട്ട് ആണവോർജ്ജ ഉൽപാദന ശേഷിയാണുള്ളത്. ഇതു 20 ജിഗാവാട്ട് ആയി ഉയർത്താനാണ് പദ്ധതി.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇന്ത്യ ആണവോർജ്ജ ശേഷിയിൽ 70% വർധന രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിലവിൽ 15.3 ജിഗാവാട്ടിന്റെ 21 പുതിയ റിയാക്ടറുകൾ നിർമ്മാണത്തിലാണെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.