![](https://www.livenewage.com/wp-content/uploads/2022/07/china1.jpg)
ന്യൂയോര്‍ക്ക്: ചൈനയുടെ സാമ്പത്തിക വളര്‍ച്ച അനുമാനം 3.3 ശതമാനത്തില്‍ നിന്ന് 3 ശതമാനമായി കുറച്ചിരിക്കയാണ് ആഗോള നിക്ഷേപ ഗവേഷണ സ്ഥാപനം ഗോള്‍ഡ്മാന്‍ സാച്ച്‌സ്. പ്രതീക്ഷിച്ചതിലും ദുര്‍ബലമായ സാമ്പത്തിക ഡാറ്റകളും കുറഞ്ഞ ഊര്‍ജ ലഭ്യതയുമാണ് വളര്‍ച്ചാ അനുമാനം കുറയ്ക്കാന്‍ സാമ്പത്തിക സ്ഥാപനത്തെ പ്രേരിപ്പിച്ചത്. തുടര്‍ച്ചയായ കോവിഡ് നിയന്ത്രണങ്ങള്‍ക്കൊപ്പം ആഴത്തിലുള്ള ഭവന പ്രതിസന്ധിയും രാജ്യത്തിന് വെല്ലുവിളിയാണ്, ഗോള്‍ഡ്മാന്‍ സാച്ച്‌സ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഗോള്‍ഡ്മാന്‍ സാച്ച്‌സ് മാത്രമല്ല ജാപ്പാനീസ് നൊമൂറ, ഡച്ച് ഐഎന്‍ജി ഗ്രോയപ്പ്, കാനഡയുടെ ടിഡി സെക്യൂരിറ്റീസ് തുടങ്ങിയ ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങളും ചൈനയുടെ വളര്‍ച്ചയില്‍ ആശങ്കയുള്ളവരാണ്. സീറോ കോവിഡ് പോളിസിയും ഭവന പ്രതിസന്ധിയുമാണ് രാജ്യത്തിന് ഭീഷണിയാകുന്നതെന്ന് ഇവര്‍ പറയുന്നു. മറ്റ് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം റിഫൈനറി പ്രവര്‍ത്തനവും ഇറക്കുമതിയും ചൈന കുറച്ചിരുന്നു.
മാത്രമല്ല പലിശനിരക്ക് കുറയ്ക്കാന്‍ ചൈനീസ് കേന്ദ്രബാങ്ക് തയ്യാറായി. ലോക പവര്‍ഹൗസായ ചൈനയുടെ കുറഞ്ഞ വളര്‍ച്ച എന്നാല്‍ ആഗോളതലത്തില്‍ പ്രതിസന്ധി എന്നുകൂടി എന്നുകൂടി അര്‍ത്ഥമാക്കണം. ബ്രെന്റ് ക്രൂഡും ഡബ്ല്യുടിഐയും ഒരാഴ്ചയിലേറെയായി 100 ഡോളറില്‍ താഴെയാണ് വ്യാപാരം നടത്തുന്നത്. ചൈനയില്‍ നിന്നുള്ള മോശം സാമ്പത്തിക ഡാറ്റയാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്.
മാത്രമല്ല, ചൈനയുടെ ഭവന പ്രതിസന്ധി ആഗോള തലത്തില്‍ ചലനങ്ങളുണ്ടാക്കും. ബോണ്ട് ഇടപാടുകള്‍ തീര്‍ക്കുന്നതില്‍ ഡെവലപ്പര്‍മാര്‍ വീഴ്ച വരുത്തുന്നതും അപ്പാര്‍ട്ട്‌മെന്റുകള്‍ കൈമാറുന്നതിലുള്ള കാലതാമസവും ആഗോള സമ്പദ് വ്യവസ്ഥയെയും താറുമാക്കിയേക്കും. അതേസമയം എണ്ണവില കുറയുന്നത് മറ്റ് ഉപഭോഗ രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ കാര്യമാണ്.