ആഗോള സ്മാർട് ഫോൺ വിപണി വൻ പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്. ഫോൺ വിൽപന 2014ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ വര്‍ഷത്തെ കണക്കുകൾ നോക്കുമ്പോൾ ഈ വർഷം 12 ശതമാനത്തിന്റെ ഇടിവാണ് കാണിക്കുന്നത്. ഇത് കഴിഞ്ഞ പാദത്തിൽ 2 ശതമാനം ഇടിഞ്ഞ് 30.1 കോടി യൂണിറ്റിലെത്തി. 2014ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മൂന്നാം പാദ റിപ്പോർട്ടാണിത്.
കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ടനുസരിച്ച് ആഗോള സാമ്പത്തിക സ്ഥിതി മോശമായതിനാൽ സ്മാർട് ഫോൺ വിപണി സമ്മർദ്ദത്തിലാണ് എന്നാണ്. ആപ്പിളിന്റെയും സാംസങ്ങിന്റെയും വിൽപനയിൽ മാത്രമാണ് നേരിയ മുന്നേറ്റം കാണുന്നത്. സാമ്പത്തിക അനിശ്ചിതത്വത്തിന് കാരണമായ രാജ്യാന്തര രാഷ്ട്രീയ പിരിമുറുക്കങ്ങൾ സ്മാർട് ഫോൺ വിപണിയെ ബാധിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.
യുക്രെയ്നിലെ റഷ്യയുടെ കടന്നുകയറ്റം, ചൈന-യുഎസ് സംഘർഷങ്ങൾ, വിവിധ രാജ്യങ്ങളിൽ വർധിച്ചുവരുന്ന പണപ്പെരുപ്പ പ്രശ്നങ്ങൾ, സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം, ദേശീയ കറൻസികൾ ദുർബലമാകുന്നത് എന്നിവയെല്ലാം സ്മാർട് ഫോൺ വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് മുതിർന്ന അനലിസ്റ്റ് ഹർമീത് സിങ് വാലിയ പറഞ്ഞു.
വാർഷിക കണക്കുകൾ പ്രകാരം 2 ശതമാനം വളർച്ച നേടിയ ഒരേയൊരു ബ്രാൻഡ് ആപ്പിൾ മാത്രമാണ്. ഇതോടെ ആപ്പിളിന്റെ ആഗോള വിപണി വിഹിതം 16 ശതമാനമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സാംസങ്ങിന്റെ കയറ്റുമതി 8 ശതമാനം കുറഞ്ഞു. എന്നാൽ കഴിഞ്ഞ പാദത്തിലെ കണക്കുകൾ നോക്കുമ്പോൾ 5 ശതമാനം വർധിച്ച് 6.4 കോടി ഫോണുകൾ വിറ്റിട്ടുണ്ട്.
രണ്ടാം പാദത്തിലെ ചൈനയിലെ ലോക്ഡൗൺ കാരണം കനത്ത തിരിച്ചടികൾ നേരിട്ട ഷഓമി, ഒപ്പോ, വിവോ ബ്രാൻഡുകൾ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നുണ്ട്. കൂടാതെ ആപ്പിളും സാംസങ്ങും റഷ്യയിൽ നിന്ന് പുറത്തുകടന്നതോടെ വിപണിയുടെ കൂടുതൽ ഭാഗം അവർ പിടിച്ചെടുത്തു.