കൊച്ചി: ആഗോളോതലത്തിൽ വിനോദസഞ്ചാര മേഖല കോവിഡിനു മുൻപത്തെ സ്ഥിതിയിലേക്ക്. 2022ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 2023 ൽ ഇരട്ടിയിലേറൈയാണു വർധനയെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ജനുവരി മുതൽ മാർച്ച് വരെയുള്ള രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണം 23.5 കോടിയാണ്. കോവിഡിനു മുൻപത്തെ സഞ്ചാരികളുടെ എണ്ണത്തിന്റെ 80 ശതമാനമാണിത്.
മിഡിൽ ഈസ്റ്റിൽ സഞ്ചാരികളുടെ എണ്ണം 2019ലെക്കാൾ 15% കൂടി. യൂറോപ്പിലെത്തുന്ന സഞ്ചാരികളുടെ എണ്ണം 2019ന്റെ 90% ആയി.
അമേരിക്കയിൽ 85% എത്തി. ആഫ്രിക്കയിൽ 88%. ഏഷ്യ പസിഫിക് മേഖലയിൽ 2019നെ അപേക്ഷിച്ച് 54% രാജ്യാന്തര സഞ്ചാരികളേ എത്തിയിട്ടുള്ളു എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
2022ലെ ആകെ വിദേശ ടൂറിസ്റ്റുകൾ 2019ലെ എണ്ണത്തിന്റെ 66% എത്തിയിരുന്നു. ആഗോള ടൂറിസം വരുമാനം ഒരു ലക്ഷം കോടി ഡോളർ കടക്കുകയും ചെയ്തു. 2021നെ അപേക്ഷിച്ച് 50 ശതമാനമായിരുന്നു വളർച്ച.
അതേസമയം, കേരളത്തിൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 2019ലെ നിലവാരത്തിലേക്ക് തിരിച്ചെത്തിയതായി ടൂറിസം മേഖലയിലെ സംഘടനകൾ പറയുന്നു. കേരളത്തിലെ ചില വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 2019ൽ എത്തിയതിനെക്കാൾ സഞ്ചാരികൾ ഇപ്പോൾ എത്തുന്നുണ്ട്.
എന്നാൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ വർധനയില്ലെന്നും സംഘടനകൾ പറയുന്നു.