
മുംബൈ: ഏഷ്യന്‍ വിപണികളുടെ ചുവടുപിടിച്ചാണ് നിഫ്റ്റിയും സെന്‍സെക്‌സും നേട്ടമുണ്ടാക്കുന്നത്, മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ പറയുന്നു. യുഎസ് ബോണ്ട് യീല്‍ഡ് വെള്ളിയാഴ്ച ഇടിവ് നേരിട്ടിരുന്നു. ഇതാണ് ഏഷ്യന്‍ വിപണികളെ സ്വാധീനിക്കുന്നത്.
ഫിച്ച് റേറ്റിംഗ്‌സ് ക്രെഡിറ്റ് റേറ്റ് താഴ്ത്തിയതിനെ തുടര്‍ന്നാണ് യുഎസ് ബോണ്ട് യീല്‍ഡ് ഉയര്‍ന്നത്. ആഗോള വിപണികള്‍ ആഭ്യന്തര മാര്‍ക്കറ്റിന്റെ ഗതി നിര്‍ണ്ണയിക്കുന്നത് തുടരുമെന്ന് തപ്‌സെ പറഞ്ഞു.വികസിത സമ്പദ് വ്യവസ്ഥകളിലെ പ്രതികൂല സാഹചര്യങ്ങളെ നിക്ഷേപകര്‍ ജാഗ്രതയോടെ വീക്ഷിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
റിസര്‍വ് ബാങ്കിന്റെ ധനനയമാണ് വിപണിയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം. വ്യാഴാഴ്ചയാണ് ഇന്ത്യന്‍ കേന്ദ്രബാങ്ക് നിരക്കുകള്‍ പ്രഖ്യാപിക്കുന്നത്. 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനയ്ക്ക് കഴിഞ്ഞമാസം ഫെഡ് റിസര്‍വ് തയ്യാറായ പശ്ചാത്തലത്തിലാണ് ആര്‍ബിഐ ധനനയം പുറത്തുവരുന്നത്.
6.5 ശതമാനം റിപ്പോ നിരക്ക് തുടരാന്‍ ആര്‍ബിഐ തയ്യാറാകുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ. 19450 ലെവലിലാണ് നിഫ്റ്റി പിന്തുണ തേടുകയെന്ന് ചോയ്‌സ് ബ്രോക്കിംഗിലെ ദേവന്‍ മേഹത് പറയുന്നു. നിര്‍ണ്ണായക റെസിസ്റ്റന്‍സായ 19550 ഭേദിക്കുന്ന പക്ഷം സൂചിക 19600-19620 ലക്ഷ്യം വയ്ക്കും.