
ഉപഭോഗത്തിലും ഉത്പാദനത്തിലും തിരിച്ചടി നേരിട്ട് ആഗോള വീഞ്ഞ് വ്യവസായം. കഴിഞ്ഞ വര്‍ഷം ലോകത്തിലെ വീഞ്ഞ് ഉത്പാദനവും ഉപഭോഗവും താഴ്ന്ന നിലയിലെത്തിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ജീവിതശൈലിയിലുണ്ടായ മാറ്റം, ആളുകളുടെ മദ്യപാനശീലത്തിലുണ്ടായ മാറ്റം, സാമ്പത്തിക സമ്മര്‍ദം, പാരിസ്ഥിതിക ആഘാതം തുടങ്ങി നിരവധി ഘടകങ്ങള്‍ വൈന്‍ വ്യവസായത്തിന് തിരിച്ചടിയായിട്ടുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് വൈന്‍ ആന്‍ഡ് വൈന്‍ (ഒഐവി) റിപ്പോര്‍ട്ട് ചെയ്യുന്നത്.
2024-ല്‍ ആഗോള വീഞ്ഞ് ഉപഭോഗം 3.3 ശതമാനം കുറഞ്ഞ് 214.2 മില്യണ്‍ ഹെക്ടോലിറ്ററിലേക്കെത്തി. 2023ലെ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോഴുള്ള കണക്കാണിത്. 1961 ശേഷം ഇതാദ്യമായാണ് വീഞ്ഞ് വില്പന ഇത്രയധികം താഴ്ന്ന നിലയിലേക്ക് പോകുന്നത്. 1961-ല്‍ 213.6 മില്യണ്‍ ഹെക്ടോലിറ്റര്‍ ആയിരുന്നു ഉപഭോഗം.
അമേരിക്കയുടെ വീഞ്ഞ് ഉപഭോഗത്തില്‍ 5.8 ശതമാനം ഇടിവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ഉപഭോഗം ഇതോടെ 33.3 മില്യണ്‍ ഹെക്ടോലിറ്ററായി ചുരുങ്ങി. എന്നിരുന്നാലും ലോകത്ത് ഏറ്റവും കൂടുതല്‍ വീഞ്ഞ് കുടിക്കുന്ന രാജ്യം അമേരിക്ക തന്നെയാണ്.
ആഗോള വൈന്‍ വിപണിയുടെ ഏതാണ്ട് പകുതിയോളം നിയന്ത്രിക്കുന്ന യൂറോപ്പിലും വില്പന കുറഞ്ഞതായാണ് കണക്ക്. യൂറോപ്പിലെ ഉപഭോഗം 2.8 ശതമാനം കുറഞ്ഞിട്ടുണ്ട്. ഫ്രാന്‍സില്‍ 3.5 ശതമാനം ഇടിവാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്.
അതേസമയം, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ വിപണികളിലെ വീഞ്ഞ് ഉപഭോഗം അല്പം വര്‍ധിക്കുകയും ചെയ്തു.
ഉത്പാദനം കുറഞ്ഞു
ഉപഭോഗം മാത്രമല്ല, വീഞ്ഞ് ഉത്പാദനത്തിലും കഴിഞ്ഞ വര്‍ഷം ഇടിവ് നേരിട്ടു. 225.8 മില്യണ്‍ ഹെക്ടോലിറ്റര്‍ വീഞ്ഞാണ് ലോകത്ത് കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ചത്. 60 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഉത്പാദനമാണിത്.
ചില വീഞ്ഞ് ഉത്പാദന മേഖലയിലുണ്ടായ കാലാവസ്ഥ പ്രശ്‌നങ്ങളും മറ്റും കാരണം 4.8 ശതമാനം ഇടിവാണ് ആഗോള ഉത്പാദനത്തില്‍ രേഖപ്പെടുത്തിയത്.
2024-ല്‍ ഫ്രാന്‍സില്‍ വീഞ്ഞ് ഉത്പാദനം 23 ശതമാനം കുറഞ്ഞ് 36.1 മില്യണ്‍ ഹെക്ടോലിറ്ററായി. 1957-ന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും കുറഞ്ഞ ഉത്പാദനമാണിത്. യുഎസില്‍ ഉത്പാദനം 17.2 ശതമാനം കുറഞ്ഞ് 21.1 മില്യണ്‍ ഹെക്ടോലിറ്ററായി.
അതേസമയം ഇറ്റലി 44 മില്യണ്‍ ഹെക്ടോലിറ്റര്‍ വീഞ്ഞ് കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ചു. സ്‌പെയിന്‍ 31 മില്യണ്‍ ഹെക്ടോലിറ്റര്‍ വൈനും കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ചു.
വ്യാപാര യുദ്ധം വിനയായി
ആഗോളവ്യാപകമായി പൊട്ടിപുറപ്പെട്ട വ്യാപാര യുദ്ധവും വീഞ്ഞ് വ്യവസായത്തിന് വിലങ്ങുതടിയായിട്ടുണ്ട്. ഇതോടെ ഉത്പാദന ചെലവ് വര്‍ധിച്ചത് വ്യവസായത്തിന് തിരിച്ചടിയായി.
ഒരു കുപ്പി ഉത്പാദിപ്പിക്കുന്നതിനുള്ള ശരാശരി നിരക്ക് 2019-20 മുതല്‍ 30 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് ഒഐവി വ്യക്തമാക്കുന്നത്.
2024 ലോകത്ത് മൊത്തം 99.8 മില്യണ്‍ ഹെക്ടോലിറ്റര്‍ വൈനാണ് കയറ്റുമതി ചെയ്തത്. 2023ലും ഏതാണ്ട് ഇതുതന്നെയായിരുന്നു കയറ്റുമതി. 2010-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ കയറ്റുമതിയാണിത്.
അതേസമയം, 38.9 ബില്യണ്‍ ഡോളറിന്റെ വൈന്‍ വ്യാപാരം കഴിഞ്ഞ വര്‍ഷം ലോകത്ത് നടന്നു. ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിലേക്കുള്ള ഉപഭോക്തൃ മാറ്റത്തിന്റെ ഫലമാണിത്.
90കളുടെ തുടക്കത്തില്‍ ജനിച്ചവരും ജെന്‍ സീയില്‍പ്പെട്ടവരും കോക്ടെയില്‍, ക്രാഫ്റ്റ് സ്പിരിറ്റ്, റെഡി ടു ഡ്രിങ്ക് മിക്‌സസ് തുടങ്ങിയവയാണ് കൂടുതലും പ്രിഫര്‍ ചെയ്യുന്നത്.
അതേസമയം, ആല്‍ക്കഹോളിക് പാനീയങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ ആസക്തി വര്‍ധിക്കുന്നത് വീഞ്ഞ് വ്യവസായത്തിന് തിരിച്ചടിയായി.
ആല്‍ക്കഹോളിക് ഉപഭോഗം വര്‍ധിക്കുന്നതിന്റെ ആഘാതം വീഞ്ഞ് വ്യവസായം നേരിടുന്നുണ്ടെന്ന് ഐഡബ്ല്യുഎസ്ആറില്‍ നിന്നുള്ള കണ്‍സ്യൂമര്‍ റിസര്‍ച്ച് സിഒഒ റിച്ചാര്‍ഡ് ഹാള്‍സ്‌റ്റെഡ് പറയുന്നു.