
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയർലൈൻ ഗോ ഫസ്‌റ്റ്, ഏവിയേഷൻ റെഗുലേറ്റർ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) ഓഡിറ്റിന് ശേഷം നിർദ്ദിഷ്‌ട പുനരുജ്ജീവന പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കി.
മെയ് ആദ്യം മുതൽ പ്രവർത്തനം നിർത്തിവച്ചിട്ടുള്ള എയർലൈൻ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച് ഡിജിസിഎ 13 നിരീക്ഷണങ്ങൾ പങ്കിട്ടതിന് ശേഷം ഏകദേശം 30 ശതമാനം പദ്ധതികളാണ് കുറയ്ക്കുന്നത്.
തുടക്കത്തിൽ നിർദ്ദേശിച്ച ഓപ്പറേഷൻ സ്കെയിലിന് ആവശ്യമായ പൈലറ്റുമാരും സാങ്കേതിക ജീവനക്കാരും എയർലൈനിന് ഇപ്പോഴില്ലെന്ന് ഏവിയേഷൻ റെഗുലേറ്റർ ചൂണ്ടിക്കാട്ടി. ഉയർന്ന ഉയരത്തിലുള്ള എയർഫീൽഡുകൾക്ക് ആവശ്യമായ പ്രത്യേക പരിശീലനം ലഭിച്ച പൈലറ്റുമാരുടെ എണ്ണവും വിമാനക്കമ്പനിയിൽ ആവശ്യത്തിനില്ലെന്ന് ഡിജിസിഎ കണ്ടെത്തി.
നിലവിലുള്ള കോടതി കേസുകൾ, ഫണ്ടിംഗ്, റീഫണ്ടുകൾ, സ്പെയറുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് വിഷയങ്ങളും ഡിജിസിഎ ഉന്നയിച്ചു.
ഗോ ഫസ്‌റ്റിന്റെ റെസല്യൂഷൻ പ്രൊഫഷണൽ (ആർപി) ശൈലേന്ദ്ര അജ്‌മേര, ഡിജിസിഎയുടെ പൈലറ്റ് ക്ഷാമം നിരീക്ഷണം അംഗീകരിക്കുകയും ജൂലൈ 15ന് റെഗുലേറ്റർക്ക് കത്തെഴുതുകയും ചെയ്‌തു.
114 പ്രതിദിന ഫ്ലൈറ്റുകളുള്ള 15 വിമാനങ്ങളുമായി പ്രവർത്തനം പുനരാരംഭിക്കാൻ എയർലൈൻ പദ്ധതിയിടുന്നതായി പ്രസ്‌താവിച്ചു.
പ്രവർത്തനങ്ങൾ സ്ഥിരപ്പെടുത്താനും, കൂടുതൽ പൈലറ്റുമാരെ ചേർക്കാനും കഴിയുമ്പോൾ എയർലൈൻ ഫ്ലൈറ്റുകൾ വർധിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലേയിലേക്ക് പ്രതിദിനം അഞ്ച് വിമാനങ്ങളും തോയിസിലേക്ക് ആഴ്‌ചയിൽ മൂന്ന് വിമാനങ്ങളും ആരംഭിക്കാനാണ് എയർലൈൻ ഇപ്പോൾ പദ്ധതിയിടുന്നതെന്ന് അജ്മേര അറിയിച്ചു.
ലേയിലേക്കുള്ള എട്ട് പ്രതിദിന ഫ്ലൈറ്റുകളും തോയിസിലേക്ക് മൂന്ന് പ്രതിവാര ഡിഫൻസ് ചാർട്ടർ ഫ്ലൈറ്റുകളും ഉൾപ്പെട്ടതായിരുന്നു പ്രാരംഭ പദ്ധതി.
പ്രാരംഭ പദ്ധതി എന്തായിരുന്നു?
22 വിമാനത്താവളങ്ങളിലും 78 റൂട്ടുകളിലും 160ഓളം പ്രതിദിന ഫ്ലൈറ്റുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതായിരുന്നു ഗോ ഫസ്‌റ്റിന്റെ പ്രാരംഭ പദ്ധതി. 26 വിമാനങ്ങൾ ഉപയോഗിച്ച് ഇത് ചെയ്യാൻ പദ്ധതിയിട്ടിരുന്നു, അതിൽ 22 എണ്ണം ഉപയോഗിക്കാനും നാലെണ്ണം സ്‌റ്റാൻഡ്‌ബൈയിൽ സൂക്ഷിക്കാനുമാണ് തീരുമാനിച്ചത്.
അതേസമയം, ജൂലൈ ആദ്യം വരെ റദ്ദാക്കിയ ഫ്ലൈറ്റുകളുടെ 500 കോടിയിലധികം വരുന്ന തുക റീഫണ്ടുകൾ എയർലൈൻ പ്രോസസ്സ് ചെയ്യേണ്ടതുണ്ടെന്നും ഏകദേശം 110 കോടി രൂപയുടെ അഡ്വാൻസ് ബുക്കിംഗ് ഉണ്ടെന്നും റെസലൂഷൻ പ്രൊഫഷണൽ ഡിജിസിഎയോട് പറഞ്ഞു.
ഈ പണം എങ്ങനെ റീഫണ്ട് ചെയ്യാൻ എയർലൈൻ പദ്ധതിയിടുന്നുവെന്ന് റെഗുലേറ്റർ ചോദിച്ചെങ്കിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. എയർലൈനിൽ ബ്ലോക്ക് ചെയ്‌തിരിക്കുന്ന അവരുടെ ക്രെഡിറ്റുകൾ/പണം ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാൻ ഏജന്റുമാരെ അനുവദിക്കുമെന്നും നേരിട്ട് ബുക്ക് ചെയ്‌ത യാത്രക്കാർക്ക് പുതിയ ബുക്കിംഗിൽ നിന്ന് ലഭിക്കുന്ന പണമൊഴുക്കിൽ നിന്ന് റീഫണ്ട് ലഭിക്കുമെന്നും റെസല്യൂഷൻ പ്രൊഫഷണൽ വ്യക്തമാക്കി.
അതേസമയം മെയ് 3 മുതൽ എല്ലാ വിമാന സർവീസുകളും എയർലൈൻ നിർത്തിവച്ചിരിക്കുകയാണ്.
ഫ്ലൈറ്റ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ മാസം ആദ്യമാണ്, ഡിജിസിഎ എയർലൈനിന്റെ സൗകര്യങ്ങളുടെ പ്രത്യേക ഓഡിറ്റ് ആരംഭിച്ചത്.