മുംബൈ: പ്രതിരോധ, എയ്‌റോസ്‌പേസ് നിർമ്മാണം വർദ്ധിപ്പിക്കുന്നതിനായി 250 കോടിയുടെ നിക്ഷേപമിറക്കാൻ ഒരുങ്ങി ഗോദ്‌റെജ് ആൻഡ് ബോയ്‌സിന്റെ ബിസിനസ് യൂണിറ്റായ ഗോദ്‌റെജ് എയ്‌റോസ്‌പേസ്. മഹാരാഷ്ട്രയിലെ ഖലാപൂരിൽ ഒരു പുതിയ നിർമ്മാണ സൗകര്യം സ്ഥാപിക്കാനാണ് കമ്പനി നിക്ഷേപം നടത്തുന്നത്.
മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഗവേഷണത്തിനും വികസനത്തിനുമായി (ആർ ആൻഡ് ഡി) കമ്പനി 100 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ബിൽഡ്-ടു-പ്രിൻറിൽ നിന്ന് ബിൽഡ്-ടു-സ്പെക്കിലേക്ക് മാറാൻ ഉദ്ദേശിക്കുന്നതിനാലാണ് കമ്പനി അതിന്റെ ഗവേഷണ-വികസന ചെലവുകൾ വർദ്ധിപ്പിക്കുന്നത്.
അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ മൂന്നിരട്ടി വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. അതേസമയം ഗോദ്‌റെജ് & ബോയ്‌സിന്റെ മറ്റ് യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ എയ്‌റോസ്‌പേസ് ബിസിനസ് താരതമ്യേന ചെറിയ ബിസിനസ്സാണ്.
പ്രതിരോധം, ബഹിരാകാശം, വ്യോമയാന മേഖലകളിൽ സേവനം നൽകുന്ന പ്രമുഖ കമ്പനിയാണ് ഗോദ്‌റെജ് എയ്‌റോസ്‌പേസ്. കൃത്യതയുള്ള ഹൈടെക് എയ്‌റോസ്‌പേസ് ഘടകങ്ങൾ, അസംബ്ലികൾ, സംവിധാനങ്ങൾ എന്നിവയുടെ നിർമ്മാണത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രികരിക്കുന്നത്.