
കൊച്ചി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഗോദ്‌റെജ് അഗ്രോവെറ്റ് ലിമിറ്റഡിന്റെ (GAVL) മൊത്ത വരുമാനം മുൻ വർഷത്തെ 2,003.2 കോടി രൂപയിൽ നിന്ന് 2,517.5 കോടി രൂപയായി വർധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് ഇത് 25.7 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. അതേസമയം മുൻ വർഷത്തെ 180 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 169.3 കോടി രൂപയുടെ ഇബിഐടിഡിയാണ് കമ്പനി റിപ്പോർട്ട് ചെയ്തത്.
കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ലാഭം മുൻവർഷത്തെ 126.2 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 102.8 കോടി രൂപയായി കുറഞ്ഞു. വിളയും കന്നുകാലി വിളവും സുസ്ഥിരമായി വർദ്ധിപ്പിക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും നവീകരിച്ച് ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള വൈവിധ്യമാർന്ന, ഗവേഷണ-വികസന-കേന്ദ്രീകൃത കാർഷിക-ബിസിനസ് കമ്പനിയാണ് ഗോദ്‌റെജ് അഗ്രോവെറ്റ് ലിമിറ്റഡ്.
വിള സംരക്ഷണം ഒഴികെ തങ്ങളുടെ എല്ലാ ബിസിനസ്സുകളും ശക്തമായ വോളിയം വളർച്ച രേഖപ്പെടുത്തിയതായും, ആദ്യ പാദത്തിൽ തങ്ങൾ 25.7 ശതമാനത്തിന്റെ വളർച്ച നേടിയതായും ഗോദ്‌റെജ് അഗ്രോവെറ്റ് പറഞ്ഞു. ത്രൈമാസത്തിൽ, മൃഗങ്ങളുടെ തീറ്റയിൽ യഥാക്രമം 11.4 ശതമാനം വളർച്ചയും 24.4 ശതമാനത്തിന്റെ വിപണി വിഹിതവും കമ്പനി നേടി.
കൂടാതെ അവരുടെ പ്രധാന വിഭാഗങ്ങളിലും സ്ഥാപനം വോളിയം വളർച്ച രേഖപ്പെടുത്തി. അവ യഥാക്രമം കന്നുകാലികൾ (+12%), ബ്രോയിലർ (+20%), ലെയർ (+8%) എന്നിങ്ങനെയാണ്. എന്നാൽ കാലവർഷത്തിന്റെ കാലതാമസവും കാർഷിക രാസവസ്തുക്കളുടെ നീട്ടിവെച്ച പ്രയോഗവും വിള സംരക്ഷണ വിഭാഗത്തെ ബാധിച്ചു. അതെ തുടർന്ന് കമ്പനിയുടെ പ്രസ്തുത വിഭാഗത്തിൽ നിന്നുള്ള വരുമാനം 17.6 ശതമാനം ഇടിവ് രേഖപ്പെടുത്തി.