
മുംബൈ: ഗോദ്‌റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡ് (ജിപിഎൽ) ഗൗരവ് പാണ്ഡെയെ പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി നിയമിച്ചു. നിയമനം 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബിഎസ്‌ഇ ഫയലിംഗിൽ കമ്പനി അറിയിച്ചു. മോഹിത് മൽഹോത്രയുടെ പിൻഗാമിയായാണ് നിലവിൽ ഗോദ്‌റെജ് പ്രോപ്പർട്ടീസിന്റെ നോർത്ത് സോൺ മേധാവിയായ ഗൗരവ് പാണ്ഡെ എത്തുന്നത്.
അഞ്ച് വർഷമായി ഗൗരവ് പാണ്ഡെ ജിപിഎല്ലിന്റെ ഭാഗമാണ്. 2017 ഫെബ്രുവരിയിൽ ബിസിനസ് ഹെഡായി ചേർന്ന അദ്ദേഹം 2021 ഏപ്രിലോടെ ജിപിഎൽ നോർത്ത് സോണിന്റെ സിഇഒ ആയി നിയമിതനായി. അദ്ദേഹത്തിന് റിയൽ എസ്റ്റേറ്റ് മേഖലയിൽ 17 വർഷത്തിലേറെയായുള്ള പരിചയമുണ്ട്.
ഗോദ്‌റെജിൽ ചേരുന്നതിന് മുമ്പ്, ബർമൻ കുടുംബത്തിന്റെയും ഗോൾഡൻ സ്റ്റേറ്റ് ക്യാപിറ്റലിന്റെയും സംയുക്ത റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമായ ബർമൻ ജിഎസ്‌സിയുടെ സിഇഒ ആയിരുന്നു ഗൗരവ്. ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഗവേഷണ സ്ഥാപനമായ പ്രോപ്ഇക്വിറ്റിയുടെ സീനിയർ വൈസ് പ്രസിഡന്റും ഹെഡ് റിസർച്ച് ആൻഡ് കൺസൾട്ടിംഗും കൂടിയായ അദ്ദേഹം എൻഡിടിവിയിൽ ദി പ്രോപ്പർട്ടി ഷോയുടെ സഹ അവതാരകനായിരുന്നു.
അസെൻഡാസ് ഇന്ത്യയുടെ മാനേജ്‌മെന്റ് കമ്മിറ്റിയിലും ഗൗരവ് അംഗമായിരുന്നു. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇക്കണോമിക്‌സ് ഓണേഴ്‌സ് ബിരുദധാരിയായ ഗൗരവ് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐഐഎം) നിന്ന് എംബിഎയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ജിപിഎൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഭാഗമായ അദ്ദേഹം ഫിക്കിയുടെ റിയൽ എസ്റ്റേറ്റ് കമ്മിറ്റിയിലും പ്രവർത്തിക്കുന്നു.