
മുംബൈ: മുംബൈയിൽ 1,200 കോടി രൂപയുടെ വിൽപ്പന മൂല്യമുള്ള 0.5 ഏക്കർ സ്ഥലം ആഡംബര ഭവന പദ്ധതി വികസിപ്പിക്കുന്നതിനായി ഏറ്റെടുത്തതായി അറിയിച്ച് റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ഗോദ്‌റെജ് പ്രോപ്പർട്ടീസ്. മുംബൈയിലെ കാർമൈക്കൽ റോഡിന് സമീപം ഒരു ലക്ഷ്വറി പ്രോജക്റ്റ് വികസിപ്പിക്കുന്നതിന് ഒരു ലാൻഡ് പാഴ്സൽ വാങ്ങിയതായി കമ്പനി ഒരു റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
0.5 ഏക്കറിൽ പരന്നുകിടക്കുന്ന ഭൂമി കരം ചന്ദ് ഥാപ്പർ (കെസിടി) ഗ്രൂപ്പിൽ നിന്നാണ് കമ്പനി വാങ്ങിയത്. പുതിയ പദ്ധതിക്ക് ഏകദേശം 1,200 കോടി രൂപയുടെ ബുക്കിംഗ് മൂല്യമുണ്ടാകുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലക്ഷ്വറി റിയൽറ്റിയുടെ ആവശ്യം ശക്തമാണെന്നും, ഈ സ്ഥലം തങ്ങൾക്ക് ഒരു നാഴികക്കല്ലായ ഒരു ബോട്ടിക് ലക്ഷ്വറി റെസിഡൻഷ്യൽ ഡെവലപ്‌മെന്റ് സൃഷ്ടിക്കുന്നതിനുള്ള അവസരം നൽകുന്നതായും ഗോദ്‌റെജ് പ്രോപ്പർട്ടീസ് എംഡിയും സിഇഒയുമായ മോഹിത് മൽഹോത്ര പറഞ്ഞു.
മുംബൈ ആസ്ഥാനമായുള്ള ഗോദ്‌റെജ് പ്രോപ്പർട്ടീസ് രാജ്യത്തെ മുൻനിര റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ ഒന്നാണ്. ബിസിനസ്സ് കമ്പനിയായ ഗോദ്‌റെജ് ഗ്രൂപ്പിന്റെ ഭാഗമാണിത്. ഗോദ്‌റെജ് പ്രോപ്പർട്ടീസ് പ്രധാനമായും ഡൽഹി-എൻസിആർ, മുംബൈ മെട്രോപൊളിറ്റൻ മേഖല, പൂനെ, ബെംഗളൂരു എന്നി വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.