
മുംബൈ: ഗോൾഡ് ഇടിഎഫിൽ നിന്ന് ഇക്കഴിഞ്ഞ ജൂലായിൽ 457 കോടി രൂപയുടെ നിക്ഷേപം കൊഴിഞ്ഞുവെന്ന് സേവനം ലഭ്യമാക്കുന്ന മ്യൂച്വൽഫണ്ടുകളുടെ കൂട്ടായ്‌മയായ അസോസിയേഷൻ ഒഫ് മ്യൂച്വൽഫണ്ട്‌സ് ഇൻ ഇന്ത്യ (ആംഫി) വ്യക്തമാക്കി. കഴിഞ്ഞ അഞ്ചുമാസത്തിനിടെ നിക്ഷേപം ഇടിഞ്ഞത് ആദ്യമാണ്. 2022ൽ ഇത് മൂന്നാംതവണയാണ് നിക്ഷേപം ഇടിയുന്നത്.
സ്വർണവില ഇടിവും ഓഹരിവിപണിയുടെ മുന്നേറ്റവും നിക്ഷേപപലിശ വർദ്ധനയുമാണ് ഗോൾഡ് ഇ.ടി.എഫിൽ നിന്ന് നിക്ഷേപക പിന്മാറ്റത്തിന് കാരണമെന്ന് കരുതപ്പെടുന്നു. നിക്ഷേപകർ ഗോൾഡ് ഇ.ടി.എഫിൽ നിന്ന് പണം പിൻവലിച്ച് ഓഹരികളിലേക്കും സ്ഥിരനിക്ഷേപങ്ങളിലേക്കും ഒഴുക്കുകയാണ്.
ഓഹരി വിപണി ഇടിയുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തെ ആശ്രയിക്കാറുണ്ട്. അതുപോലെ ഓഹരികൾ മുന്നേറുമ്പോൾ സ്വർണനിക്ഷേപം ഇടിയുകയും ചെയ്യും. ജൂലായിൽ ഇന്ത്യൻ ഓഹരി സൂചിക 9 ശതമാനത്തോളം മുന്നേറിയിരുന്നു. സ്വാഭാവികമായി ഗോൾഡ് ഇ.ടി.എഫ് നിക്ഷേപം ഇടിയുകയും ചെയ്‌തു.
ഭൗതിക സ്വർണത്തോടുള്ള ആഭിമുഖ്യം കുറയ്ക്കാനും സ്വർണത്തിലെ നിക്ഷേപം പൊതുവിപണിയിലെത്തിച്ച് രാജ്യത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്താനും ലക്ഷ്യമിടുന്നതാണ് ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഗോൾഡ് ഇ.ടി.എഫ്).
ഉയർന്ന പരിശുദ്ധിയുള്ള സ്വർണവും അതിന്റെ വിലയും അടിസ്ഥാനമാക്കിയാണ് ഗോൾഡ് ഇ.ടി.എഫിലും നിക്ഷേപം.
പേപ്പർ അല്ലെങ്കിൽ ഓൺലൈൻ ഫോർമാറ്റിലായിരിക്കും ഗോൾഡ് ഇ.ടി.എഫ്.
ഒരു ഗോൾഡ് ഇ.ടി.എഫ് യൂണിറ്റ് ഒരു ഗ്രാം സ്വർണത്തിന് തുല്യമാണ്.
നിക്ഷേപം ഈവർഷം
(തുക കോടിയിൽ)
ജനുവരി : -₹452
ഫെബ്രുവരി : -₹248
മാർച്ച് : ₹205
ഏപ്രിൽ : ₹1,100
മേയ് : ₹203
ജൂൺ : ₹135
ജൂലായ് : -₹457