
കൊച്ചി: വീണ്ടും റെക്കോർഡ്. പുതിയ മാസത്തിൽ റെക്കോർഡ് നിരക്കിലേക്ക് വീണ്ടും സ്വർണ വില എത്തി. ഗ്രാമിന് 85 രൂപവർധിച്ച് 6360 രൂപയും പവന് 680 രൂപ വര്‍ധിച്ച് 50,880 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്.
മൂന്ന് ദിവസം ഗ്രാമിന് 6,275 രൂപയിലും പവന് 50,200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇത് ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണ്.
രാജ്യാന്തര സ്വർണവില 2262 ഡോളറാണ്. 24 കാരറ്റ് സ്വർണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 70 ലക്ഷം രൂപ കടന്നിട്ടുണ്ട്.
രാജ്യാന്തര സ്വർണവില ഫെബ്രുവരി 13ന് 1981 ഡോളർ ആയിരുന്നു ഒന്നര മാസത്തിനിടെ 280 ഡോളർ ആണ് വർധിച്ചത്.
രാജ്യാന്തര വിലകൾ പരിശോധിച്ചാൽ ഇതിന് മുമ്പ് ഒരിക്കലും 280 ഡോളറിന് മുകളിലേക്ക് പോയിട്ടില്ല.
സാധാരണ 250 ഡോളർ ഒക്കെ വില വർധിക്കുമ്പോൾ സാങ്കേതികമായി ചില തിരുത്തലുകൾ വരുന്നതാണ്.
എന്നാൽ ഇപ്പോൾ അടിസ്ഥാനപരമായ മുന്നേറ്റം തുടരുകയാണ്. 2300 ഡോളർ മറികടക്കുമോ എന്നുള്ളതാണ് വിപണി ഉറ്റു നോക്കുന്നത്.
2023 ഏപ്രിൽ 5 നാണ് കേരളത്തിലെ സ്വർണവില പവന് 45000 രൂപ എന്ന നിലവാരം മറികടന്നത്. ഈ വർഷം ഏപ്രിലിൽ വീണ്ടും സ്വർണം റെക്കോർഡ് നിരക്ക് പിന്നിടുകയാണ്. ഏതാണ്ട് ഒരു വർഷം കൊണ്ട് സ്വർണവില പവന് 45000 രൂപയിൽ നിന്ന് 50000 രൂപ കടന്നു.
വില കൂടിയിട്ടും ആഭരണം വാങ്ങുന്നതിൽ കുറവ് വന്നിട്ടില്ലെന്ന് സംസ്ഥാനത്തെ സ്വർണ വ്യാപാരികൾ പറയുന്നു.
പവന് 51000 രൂപയുടെ പടിവാതിൽക്കലെത്തി നിൽക്കുന്ന സാഹചര്യത്തിൽ ഇനിയും വില ഉയരുന്നതിന് മുമ്പ് വേണ്ട ആഭരണങ്ങൾ വാങ്ങാനാണ് ഇപ്പോഴത്തെ തിരക്ക് എന്നും വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു.